അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി വാഷിംഗ്ടൺ നയിക്കുന്ന സമാധാന ബോർഡിൽ (Board of Peace) ചേരാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഫ്രാൻസിനെതിരെ താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രഞ്ച് വൈനുകൾക്കും ഷാംപെയ്നുകൾക്കും 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് ഇങ്ങനെ പറഞ്ഞു:,
“അദ്ദേഹം അങ്ങനെ പറഞ്ഞോ? ശരി, ആർക്കും അദ്ദേഹത്തെ വേണ്ട, കാരണം അദ്ദേഹം വളരെ വേഗം സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ വൈനുകൾക്കും ഷാംപെയ്നുകൾക്കും ഞാൻ 200% തീരുവ ചുമത്തും”- ട്രംപ് പറഞ്ഞു.
ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് പിന്നാലെ ഗാസയിലെ സമാധാന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനാണ് ഈ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. യുഎസ് പിന്തുണയുള്ള 20 ഇന സമാധാന പദ്ധതിയുടെ ഭാഗമാണിത്. ഗാസയിൽ പുതിയ പലസ്തീൻ കമ്മിറ്റി സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുക, മേഖലയിൽ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, ഹമാസിനെ നിരായുധീകരിക്കുക, യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക മുതലായവയുടെ മേൽനോട്ടമാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചന നൽകുന്നു. ഫ്രഞ്ച് വൈനിനും ഷാംപെയ്നും 200 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണികൾ “സ്വീകാര്യമല്ല”, എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് അടുത്ത വൃത്തങ്ങൾ ചൊവ്വാഴ്ച എഎഫ്പിയോട് പറഞ്ഞു.



