മെയ് 18 ഞായറാഴ്ച അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തങ്ങളുടെ പരിധിയിലുള്ള എല്ലാ സ്മാരകങ്ങളിലേക്കും രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
വിശാലമായ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, ചരിത്രാതീത ഉപകരണങ്ങൾ, ശിൽപങ്ങൾ എന്നിവ മുതൽ മധ്യകാല ലിഖിതങ്ങൾ വരെയുള്ള ഇന്ത്യയിലെ ഏറ്റവും അമൂല്യമായ പുരാവസ്തുക്കൾ സൂക്ഷിക്കുന്ന 52 മ്യൂസിയങ്ങളുടെയും രാജ്യത്തുടനീളമുള്ള എല്ലാ സ്മാരകങ്ങളുടെയും ശൃംഖലയിലേക്ക് ഈ വർഷം സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എഎസ്ഐ പറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായുള്ള പൊതുജനങ്ങളുടെ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും ചരിത്രവും പൈതൃകവുമായി വീണ്ടും ബന്ധപ്പെടുന്നതിന് ആളുകൾക്ക് അർത്ഥവത്തായ ഒരു വേദി ഒരുക്കാനും ഈ സംരംഭം ശ്രമിക്കുന്നതായി എഎസ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.