പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് നിക്കരാഗ്വയിൽ നടന്ന തീർഥാടനത്തിൽ പങ്കെടുത്ത വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പ സന്ദേശമയച്ചു. ‘ദൈവത്തോടുള്ള അസാധാരണമായ സ്നേഹത്താൽ എപ്പോഴും വേറിട്ടുനിൽക്കുന്ന നിക്കരാഗ്വൻ ജനത’ എന്ന അഭിസംബോധനയോടെ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ചു നടന്ന തീർഥാടനത്തിൽ സംബന്ധിച്ച വിശ്വാസികൾക്കാണ് പാപ്പ ശ്ലൈഹീകാശീർവാദം നൽകി ഇടയലേഖനം അയച്ചത്.
വിശ്വാസികൾക്ക് തന്റെ ആത്മീയസാമീപ്യം പാപ്പ പ്രത്യേകം അറിയിച്ചു. നമ്മെ അനുഗമിക്കുന്നതും ഏക ഉറപ്പുള്ള വഴികാട്ടിയുമായ കർത്താവിന്റെ സ്നേഹനിർഭരമായ കരുതലിനെ മറക്കരുതെന്ന് ഉദ്ബോധിപ്പിച്ച പാപ്പ, പ്രയാസകരമായ നിമിഷങ്ങളിൽ കർത്താവിനെ സംശയത്തോടെ വീക്ഷിക്കരുതെന്നും വിശ്വാസവും പ്രത്യാശയും അദ്ഭുതങ്ങൾ പ്രവർത്തിക്കുന്ന പുണ്യങ്ങളാണെന്നും അടിവരയിട്ടു പറഞ്ഞു.
ഈ വിശ്വാസത്തിന്റെ സാക്ഷ്യമായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃപിന്തുണ നിക്കരാഗ്വൻ ജനത എപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നും അതിന് വിശ്വാസിസമൂഹം എപ്പോഴും നന്ദിയുള്ളവരായിരുന്നുവെന്ന കാര്യവും പാപ്പ തന്റെ ഇടയലേഖനത്തിൽ പ്രത്യേകം അനുസ്മരിച്ചു. 2025 ലെ ജൂബിലിയുടെ ഉദ്ഘാടനത്തിനായി നമ്മെ ഒരുക്കുന്ന അമലോത്ഭവത്തിരുനാൾ, ബുദ്ധിമുട്ടുകളിലും അനിശ്ചിതത്വങ്ങളിലും ഇല്ലായ്മകളിലും ആവശ്യമായ സഹായങ്ങൾ പ്രദാനം ചെയ്യുമെന്നും അതിനാൽ യേശുവിന്റെ കരങ്ങളിലേക്ക് നമ്മെത്തന്നെ സ്വയം സമർപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്തു.
മറിയത്തോടുള്ള ആർദ്രമായ ഭക്തിയുടെ പിന്തുണയോടെ, ഒരുമിച്ചുനടക്കുന്നത് സുവിശേഷത്തിന്റെ പാതയിൽ ഉറച്ചുനിൽക്കുന്നതിനും വിശ്വാസം പുതുക്കാനും നമ്മെ സഹായിക്കുമെന്നും പാപ്പ പറഞ്ഞു. ജപമാല പ്രാർഥനകളിൽ നമ്മുടെ ജീവിതത്തെയും ഉൾപ്പെടുത്തിക്കൊണ്ട് കൃപയുടെ നിറവ് ജീവിതത്തിൽ അനുഭവിക്കുന്നതിനും വിശ്വാസികളെ പാപ്പ പ്രത്യേകം ക്ഷണിച്ചു. ജൂബിലി വർഷത്തിനായി തയ്യാറാക്കിയ പ്രത്യേക പ്രാർഥനയും പാപ്പ തന്റെ സന്ദേശത്തിൽ ഉപസംഹാരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.



