യുദ്ധം മൂലം ഏറെ ദുരിതമനുഭവിക്കുന്ന ഉക്രൈനിലെ സാധാരണ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായി, അടിയന്തരമായി നാല് ആംബുലൻസുകൾകൂടി ഫ്രാൻസിസ് പാപ്പാ സംഭാവനയായി നൽകി. ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി, വാഹനങ്ങൾ നൽകുന്നതിനായി ഉക്രൈനിൽ എത്തിച്ചേർന്നു. ഇതിനെ സംബന്ധിച്ച വിവരങ്ങൾ ഡിക്കസ്റ്ററി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തി.
“ജീവന്റെ വാതിലുകൾ യേശു നമ്മുടെ ജീവിതത്തിൽ തുറക്കുമ്പോൾ അതിനെ കൊട്ടിയടക്കുന്നതാണ് ഇന്ന് ലോകത്ത് പടർന്നുപിടിച്ചിരിക്കുന്ന യുദ്ധങ്ങളെന്നു” ഫ്രാൻസിസ് പാപ്പാ 2024 ലെ ഈസ്റ്റർ ദിനത്തിൽ ഊർബി എത്ത് ഓർബി സന്ദേശത്തിൽ അടിവരയിട്ടിരുന്നു. ഈസ്റ്ററിന്റെ പ്രകാശം അന്ധകാരത്തിന്റെ നിഴലുകളാൽ മറക്കപ്പെടുന്ന ഈ ദിനങ്ങളിൽ പുനർജന്മത്തിന്റെ അടയാളമായിട്ടാണ് ആംബുലൻസുകൾ ഉക്രൈനിലെ സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി നൽകുവാൻ പാപ്പാ ആഗ്രഹിക്കുന്നതെന്ന് കുറിപ്പിൽ പ്രത്യേകം പറയുന്നു.
മനുഷ്യ ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഉൾക്കൊള്ളുന്നവയാണ് ഈ ആംബുലൻസുകൾ. സംഘർഷത്താൽ പീഡിപ്പിക്കപ്പെടുന്ന ജനങ്ങളോടൊപ്പം നിൽക്കാനും, അവരോടൊപ്പം പ്രാർത്ഥിക്കാനും പ്രത്യാശയുടെ തീർത്ഥാടനത്തിനു നമ്മെ ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, ഫ്രാൻസിസ് പാപ്പായുടെ ഈ അടുപ്പം വലിയ മാതൃകയാണ്. ഇത്, പത്താം തവണയാണ് ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി കർദിനാൾ, ഉക്രൈനിലെ സംഘർഷ മേഖലകളിലേക്കു യാത്രയാകുന്നത്.