ബ്രസൽസ്:യുക്രൈൻയുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച വാഷിങ്ടണിൽ നടത്തുന്ന ചർച്ചയിൽ യൂറോപ്യൻനേതാക്കളും പങ്കെടുക്കും. അലാസ്കയിൽ വെള്ളിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി ട്രംപ് നടത്തിയ ചർച്ചയിൽ വെടിനിർത്തൽകാര്യത്തിൽ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ച.
ഉടൻ വെടിനിർത്തൽ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്കയിൽനിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയിൽ എത്തുംമുൻപ് കൂടുതൽ ചർച്ചകൾ വേണമെന്ന് പുതിനും പറഞ്ഞു. പുതിന്റേത് യുക്രൈന്റെ കൂടുതൽപ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള തന്ത്രമായാണ് യൂറോപ്യൻ സഖ്യകക്ഷികൾ കരുതുന്നത്.
ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർത്സ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല ഫൊണ്ടെ ലെയ്ൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫിൻലൻഡ് പ്രസിഡന്റ് അലക്സാൻഡർ സ്റ്റബ്സ് തുടങ്ങിയവരാണ് സെലെൻസ്കിയും ട്രംപും തമ്മിലുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്.
യുക്രൈന്റെ കിഴക്കുള്ള പ്രദേശങ്ങളായ ഡൊണെട്സ്കും ലുഹാൻസ്കും വിട്ടുകൊടുത്താൽ യുദ്ധം അവസാനിപ്പിക്കാമെന്ന പുതിന്റെ നിർദേശം തനിക്കു സ്വീകാര്യമാണെന്ന് സെലെൻസ്കിയും യൂറോപ്യൻ നേതാക്കളുമായി ശനിയാഴ്ച നടത്തിയ ഫോൺസംഭാഷണത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഈ പ്രദേശങ്ങൾ വിട്ടുനൽകുന്നതിനു പകരമായി ഹെർസോൺ, സപോറീസിയ എന്നിവിടങ്ങൾക്കായുള്ള യുദ്ധം നിർത്താമെന്നും പുതിൻ പറഞ്ഞു. യുക്രൈന്റെ ഭാവിസുരക്ഷയ്ക്കുവേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിനിടെ, ഞായറാഴ്ചയും യുക്രൈനും റഷ്യയും പരസ്പരം ഡ്രോൺ ആക്രമണം നടത്തി. അറുപതിലേറെ ഡ്രോണുകളും ഇസ്കന്ദർ മിസൈലും റഷ്യ അയച്ചെന്ന് യുക്രൈൻ വ്യോമസേന പറഞ്ഞു. റഷ്യയുടെ അതിർത്തിമേഖലകളിലേക്ക് യുക്രൈൻ 46 ഡ്രോണുകളയച്ചു. ഡൊണെട്സ്കിൽ ശനിയാഴ്ച റഷ്യ നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ മരിച്ചു.