കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിനായി കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യക്കാർ വിദേശത്തേക്ക് അയച്ചത് 1.76 ലക്ഷം കോടി രൂപ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ)കണക്കുകൾ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.60-ൽ അധികം പുതിയ ഐഐടികൾ നിർമ്മിക്കാൻ പര്യാപ്തമായത്ര ഭീമമായ തുകയാണിത്.സർക്കാരിന്റെ വാർഷിക ഉന്നത വിദ്യാഭ്യാസ ബജറ്റിന്റെ മൂന്നിരട്ടിയിലധികം വരും

2023-24-ൽ മാത്രം ഇന്ത്യക്കാർ കുട്ടികളുടെ പഠനത്തിനായി ഏകദേശം 29,000 കോടി രൂപ വിദേശത്തേക്ക് അയച്ചു. മുൻവർഷത്തേതിന് ഏകദേശം തുല്യമായ തുകയാണിത്. ഒരു ദശാബ്ദം മുൻപ് ഇത് വെറും 2,429 കോടി രൂപയായിരുന്നു. പത്ത് വർഷത്തിനുള്ളിൽ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയക്കുന്ന പണത്തിൽ ഏകദേശം 1,200% വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, 2023-നെ അപേക്ഷിച്ച് 2024-ൽ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 15 ശതമാനം കുറവുണ്ടായിട്ടുണ്ട്. പല രാജ്യങ്ങളും വിസ നിയമങ്ങൾ കർശനമാക്കിയതാണ് ഇതിന് കാരണം. 2019-ൽ 5.9 ലക്ഷത്തിൽ താഴെ വിദ്യാർഥികളാണ് വിദേശത്തേക്ക് പോയത്. 2025-26 വർഷത്തേക്ക് കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഏകദേശം 50,078 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷം മാത്രം, ഇന്ത്യക്കാർ ഈ തുകയുടെ പകുതിയിലധികം വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചു.

വിദേശത്തേക്ക് പണം അയക്കുമ്പോൾ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും നൽകേണ്ടിവരുന്ന ബാങ്ക് ചാർജുകളെക്കുറിച്ചോ കറൻസി വിനിമയത്തിലെ അധിക നിരക്കുകളെക്കുറിച്ചോ ആർബിഐ വിവരം നൽകിയിട്ടില്ല. 2018-19 മുതൽ, വിദ്യാഭ്യാസത്തിനായുള്ള പണമിടപാടുകളുടെ എണ്ണം കുത്തനെ വർധിച്ചതായി ആർബിഐ കണക്കുകൾ കാണിക്കുന്നു. 2018-19ൽ 3.63 ലക്ഷമായിരുന്നത് 2022-23ൽ ഏകദേശം 10 ലക്ഷമായി ഉയർന്നു, പിന്നീട് 2023-24ൽ 9.43 ലക്ഷമായി അൽപം കുറഞ്ഞിട്ടുണ്ട്