ഹൂസ്റ്റൺ: ഫോമയുടെ ഹൂസ്റ്റണിലുള്ള അഭ്യുദയകാംക്ഷികളുടെ ഒത്തുചേരൽ ഞായറാഴ്ച വൈകുന്നേരം ഏഴിന് റോയൽ റസ്റ്റോറന്റിൽ വച്ച് നടത്തി. സതേൺ റീജിയൺ ആർവിപി മാത്യൂസ് മുണ്ടക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫോമാ പ്രസിഡന്റായി തെരഞ്ഞെടുത്ത ബേബി മണക്കുന്നേൽ മുഖ്യാതിഥിയായി പങ്കെടുത്തു.
മീറ്റിംഗിൽ ബേബി മണക്കുന്നലിന് സ്വീകരണം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. മലയാളി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഫോമ ഒരു സംഘടന മാത്രമല്ല, പൈതൃകവും മൂല്യങ്ങളും പങ്കിടുന്ന ഒരു വലിയ കുടുംബമാണ്. ബേബി മണക്കുന്നലിന്റെ വിജയം നമുക്ക് ഒരുപാട് ആവേശമാണ് നൽകുന്നതെന്ന് മുണ്ടക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഫോമയുടെ സ്ഥാപക പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ശശിധരൻ നായരും മുൻ ട്രസ്റ്റി എം.ജി. മാത്യും നാഷണൽ കമ്മിറ്റി അംഗമായ രാജൻ യോഹന്നാനും ചേർന്നാണ് പുതിയ പ്രസിഡന്റിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്.
ജഡ്ജ് സുരേന്ദ്രൻ കെ. പാട്ടേൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവരും മലയാളി സമൂഹത്തിലെ നിരവധി പ്രമുഖരും സ്വീകരണ യോഗത്തിൽ പങ്കെടുത്ത് പ്രസിഡന്റിന് ആശംസകൾ അറിയിച്ചു.
സ്വീകരണം നൽകിയ ഹൂസ്റ്റൺ സമൂഹത്തിന് ബേബി മണക്കുന്നേൽ നന്ദി അറിയിച്ചു. ഫോമയെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കുവാനായി ഒരുമിച്ച് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐപിസിഎൻഎ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ, പിയർ ലാൻഡ് അസോസിയേഷൻ പ്രസിഡന്റ് റോയ് മാത്യു, മാഗ് സെക്രട്ടറി സുബിൻ കുമാരൻ എന്നിവരും ആശംസകൾ അറിയിച്ചു.
ബേബി മണക്കുന്നേൽ ഫോമ പ്രസിഡന്റായതിലൂടെ മലയാളി സമൂഹത്തിന് ഒരു പുത്തൻ ഉണർവാണ് ലഭിച്ചത് എന്ന് സെക്രട്ടറി വർഗീസ് മാത്യു യോഗത്തിനുശേഷം പറഞ്ഞു.



