ഫ്ലോറിഡ: യാത്രക്കാരിലൊരാൾ കൊണ്ടുവന്ന ബാറ്ററിയിൽ നിന്ന് തീ പടർന്നു. ക്യാബിനുള്ളിൽ പുക നിറ‌ഞ്ഞതോടെ എമ‍ർജൻസി ലാൻഡിംഗ് നടത്തി യാത്രാ വിമാനം. ഡെൽറ്റ എയ‍ർ ലൈനിന്റെ വിമാനമാണ് ഫ്ലോറിഡയിലെ ഫോർട്ട് മിയേഴ്സിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. അറ്റ്ലാൻയിൽ നിന്ന് പുറപ്പെട്ട ഡെൽറ്റ വിമാനം ഫോർട്ട് ലൌഡർഡേലിലേക്ക് പോകുന്നതിനിടയിലാണ് ക്യാബിനിൽ പുക നിറ‌ഞ്ഞത്. ക്യാബിൻ ക്രൂ ജീവനക്കാർ ഉടൻ തന്നെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിമാനം എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരൻറെ കയ്യിലുണ്ടായിരുന്ന പവർ ബാങ്കാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിരീക്ഷണം. ‍‍ഡെൽറ്റയുടെ 1334 ബോയിംഗ് 757-200 ട്വിൻജെറ്റ് വിമാനത്തിലാണ് സംഭവം.

വളരെ പെട്ടന്ന് തന്നെ ക്യാബിനിൽ പുക നിറഞ്ഞതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി. ഇതിന് പിന്നാലെ എമർജൻസി അറിയിപ്പ് നൽകി വിമാനം ഫ്ലോറിഡയിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. ക്യാബിൻ ക്രൂ ജീനക്കാരുടെ വേഗത്തിലുള്ള ഇടപെടലിന് അഭിനന്ദിക്കുന്നതായും യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമാപണം നടത്തുന്നതായും ഡെൽറ്റ എയർലൈൻ പ്രസ്താവനയിൽ വിശദമാക്കി. ഫോർട്ട് ലൌഡർഡേലിലേക്ക് രണ്ട് മണിക്കൂർ ദൂരമാണ് ഫോർട്ട് മിയേഴ്സിൽ നിന്നുള്ളത്. തിങ്കളാഴ്ച രാവിലെ 8.48നായിരുന്നു 185 യാത്രക്കാരും ആറ് ക്രൂ ജീവനക്കാരും അടങ്ങുന്ന വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലിഥിയം ബാറ്ററികൾക്ക് വിമാനത്തിൽ വച്ച് തീ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം മാത്രമുണ്ടായ 34ാമത്തെ സംഭവമാണ് ഇത്. പവർ ബാങ്കുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന 11ാമത്തെ സംഭവമാണ് ഇതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിൽ ലിഥിയം ബാറ്ററി മൂലമുണ്ടാകുന്ന അഗ്നിബാധയിൽ 2015ൽ നിന്ന് 2024ൽ 388 ശതമാനം വർധനവ് ഉണ്ടായതായാണ് ഫെ‍ഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കുന്നത്. നേരത്തെ സൗത്ത് വെസ്റ്റ് എയ‍ർലൈൻ യാത്രക്കാർ കൊണ്ടുവരുന്ന ഇത്തരത്തിലെ ബാറ്ററികളെ പ്രത്യേകം ഒരിടത്ത് വയ്ക്കാനുള്ള സംവിധാനം ഒരുക്കുന്നതായി നയത്തിൽ വ്യത്യാസം വരുത്തിയിരുന്നു. സിംഗപ്പൂർ എയ‍ർലൈൻ പവർ ബാങ്കിന് വിമാനത്തിനുള്ളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.