മകരസംക്രാന്തി ദിനത്തിൽ ഡൽഹി ഉണർന്നത് പതിവ് ശൈത്യകാല പ്രഭാതം പ്രതീക്ഷിച്ച് കൊണ്ട് തന്നെയായിരുന്നു. തണുത്ത കാറ്റ്, മൂടൽമഞ്ഞ്, ഗതാഗത കുരുക്ക് എന്നിവയെല്ലാം അവർ മനസിൽ കരുതിയത് തന്നെയാണ്. എന്നാൽ ഒരു അമ്പരപ്പിലേക്കാണ് ഡൽഹി ഇന്ന് ഉണർന്നത്.
രാവിലെ 7:45 നും 8 നും ഇടയിൽ, ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ പെട്ടെന്ന്, ഇടതൂർന്ന മൂടൽമഞ്ഞ് നഗരത്തെ പുതപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ കാഴ്ചപരിധി പൂജ്യത്തിനടുത്തായി. വന്നത് പോലെ തന്നെ അത് നേർത്തു അപ്രത്യക്ഷമാകാനും തുടങ്ങി. കണ്ണൊന്ന് ചിമ്മിയാൽ നിങ്ങൾക്ക് അത് നഷ്ടമാകും എന്ന അത്ര വേഗത്തിലായിരുന്നു അതിൻറെ വരവും പോക്കും.
തലസ്ഥാന നഗരിയിൽ ഇന്ന് അനുഭവപ്പെട്ടത് സാധാരണ മൂടൽ മഞ്ഞായിരുന്നില്ല. റാപ്പിഡ്-ഓൺസെറ്റ് അല്ലെങ്കിൽ ഫ്ലാഷ് ഫോഗ് എന്ന് വിളിക്കുന്ന ഒരു പ്രതിഭാസമാണ്. പ്രത്യേക അന്തരീക്ഷ സാഹചര്യങ്ങളിൽ വേഗത്തിൽ രൂപപ്പെടുകയും അലിഞ്ഞുപോകുകയും ചെയ്യുന്ന ഒന്നാണിത്.



