മുംബൈയിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഞായറാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പ്രധാന രേഖകള്‍ കത്തിനശിച്ചു. മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തുള്ള കൈസര്‍-ഐ-ഹിന്ദ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുലര്‍ച്ചെ 2:30 ഓടെയാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. പിന്നീട് ഏകദേശം 4:21 ഓടെ ഇത് മൂന്നാം ലെവലിലുള്ള വലിയ തീപിടുത്തമായി മാറി. കനത്ത പുക കാരണം തീ അണയ്ക്കാന്‍ സമയമെടുത്തെന്ന് മുംബൈ ഫയര്‍ ബ്രിഗേഡ് ചീഫ് ഫയര്‍ ഓഫീസര്‍ രവീന്ദ്ര അംബുള്‍ഗേക്കര്‍  പറഞ്ഞു. ‘ലെവല്‍ 3 തീപിടുത്തമായിരുന്നു. കനത്ത പുക കാരണം തീ അണയ്ക്കാന്‍ സമയമെടുത്തു. പ്രദേശം വലുതായതിനാല്‍, തീ എല്ലാ വശങ്ങളില്‍ നിന്നും നിയന്ത്രണവിധേയമാക്കി,’ അദ്ദേഹം പറഞ്ഞു.

തീപിടുത്തത്തില്‍ ഫര്‍ണിച്ചറുകളും പ്രധാനപ്പെട്ട രേഖകളും ഉള്‍പ്പെടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ സ്വത്തുക്കള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതായും അംബുള്‍ഗേക്കര്‍ പറഞ്ഞു.