30 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രശസ്ത ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനെയും ഭാര്യ ശ്വേതാംബരി ഭട്ടിനെയും രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂരിലെ ഇന്ദിര ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഡോ. അജയ് മുർദിയ നൽകിയ പരാതിയിലാണ് നടപടി. മുംബൈയിലെ ബന്ധുവീട്ടിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിഎസ്പി ഛഗൻ പുരോഹിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ഇരുവരെയും ഉദയ്പൂരിൽ എത്തിച്ചു. പോലീസ് സംഘത്തോടൊപ്പം ഉദയ്പൂരിലെത്തിയപ്പോൾ ഇരുവരും മാധ്യമങ്ങളിൽ നിന്ന് മുഖം മറച്ചിരുന്നു. വ്യാഴാഴ്ച ഉച്ചവരെ ഇരുവർക്കും ട്രാൻസിറ്റ് റിമാൻഡ് ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിഎസ്പി അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് രേഖകളും സാമ്പത്തിക ഇടപാടുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലെടുത്ത ശേഷം ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.



