പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ തുടരുന്ന സായുധ പോരാട്ടത്തിൽ റഷ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും അടിയന്തരമായി നിർത്തിവെക്കണമെന്നും പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമാണ് റഷ്യ. അതേസമയം പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യം കൂടിയായതിനാൽ, ഇരുപക്ഷത്തെയും ചർച്ചയുടെ മേശയിലേക്ക് എത്തിക്കാനാണ് മോസ്കോയുടെ ശ്രമം. “നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ നല്ല സൂചനയല്ല നൽകുന്നത്. എത്രയും വേഗം ഇത് അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അടുത്ത ആഴ്ച റഷ്യ സന്ദർശിക്കാനിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തൽ.

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ഈ അപകടകരമായ ഏറ്റുമുട്ടൽ ഉപേക്ഷിക്കണമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവയും ടെലിഗ്രാമിലൂടെ ആവശ്യപ്പെട്ടു. സംഘർഷം മേഖലയുടെ സമാധാനത്തിന് ഭീഷണിയാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ചൈന, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും സമാധാന ചർച്ചകൾക്കായി രംഗത്തെത്തിയിട്ടുണ്ട്.