നിരോധനം ലംഘിച്ച് പ്രാവുകൾക്ക് തീറ്റ നൽകിയതിന് 71 വയസ്സുകാരിയായ ഇന്ത്യൻ വംശജയ്ക്ക് സിംഗപ്പൂർ കോടതി പിഴ ശിക്ഷ വിധിച്ചു. സിംഗപ്പൂരിലെ ടോ പായോ ഹൗസിംഗ് എസ്റ്റേറ്റിൽ താമസിക്കുന്ന സൺമുഖനാഥൻ ഷംലയ്ക്കാണ് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,27,556 ഇന്ത്യൻ രൂപ) പിഴ ചുമത്തിയത്. ആറ് മാസത്തിനിടയിൽ ഒമ്പത് തവണ ഇവർ പ്രാവുകൾക്ക് തീറ്റ നൽകിയെന്ന് നാഷണൽ പാർക്സ് ബോർഡ് കണ്ടെത്തിയതിനെ തുടർന്നാണ് സിംഗപ്പൂർ വന്യജീവി നിയമപ്രകാരം വയോധികയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്.
മുൻപും ഇതേ കുറ്റത്തിന് ഇവർക്ക് 1,200 ഡോളർ പിഴ ശിക്ഷ ലഭിച്ചിരുന്നു. ഇനി ആവർത്തിക്കില്ല എന്ന് കോടതിയിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ ഇവർ വീണ്ടും പ്രാവുകൾക്ക് തീറ്റ നൽകി തുടങ്ങിയതായി പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.നിയമത്തോടുള്ള നിരന്തരമായ അവഗണനയാണ് പ്രതി കാണിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പ്രായം പരിഗണിക്കുമ്പോഴും, ശിക്ഷാ നടപടി എന്ന നിലയിൽ വലിയൊരു തുക പിഴയായി നൽകണമെന്നും കോടതി വ്യക്തമാക്കി.
തനിക്ക് ജോലിയില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പിഴ കുറയ്ക്കണമെന്നും ഷംല കോടതിയിൽ അപേക്ഷിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് ശിക്ഷാ തുക ഉടൻ അടയ്ക്കാൻ ഇവർ സമ്മതിച്ചു. സിംഗപ്പൂരിലെ പൊതുജനാരോഗ്യം മുൻനിർത്തി പ്രാവുകളെ തീറ്റുന്നത് കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണ്. സിംഗപ്പൂരിൽ, അനിമൽസ് ആൻഡ് ബേർഡ്സ് ആക്ട് പ്രകാരം, പ്രാവുകളെ വളർത്തുന്നതിനോ പ്രജനനം നടത്തുന്നതിനോ അഭയം നൽകുന്നതിനോ ലൈസൻസ് ആവശ്യമാണ്



