കോട്ടയം: എഫ്.സി.ആർ.എയിൽ ആശങ്ക പ്രകടിപ്പിച്ച ക്രൈസ്തവ സഭകൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ കള്ളൻമാരായി മുദ്രകുത്തി ബി.ജെ.പി നേതാവും തൃശൂർ എം.പിയുമായ സുരേഷ് ഗോപി. എഫ്.സി.ആർ.എയിൽ ആർക്കും ആശങ്ക ആവശ്യമില്ലെന്നും ആശങ്ക ഉള്ളവർ കള്ളന്മാരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മറ്റൊരു വിഭാഗത്തിനും ഇല്ലാത്ത ആശങ്ക ചിലർക്ക് മാത്രം ആവശ്യമില്ലെന്നും ഇത്തവണ കേരളത്തിൽ സർപ്രൈസ് റിസൽട്ട് ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലായിൽ ബി.ജെ.പി സ്ഥാനാർഥി ഷോൺ ജോർജിന്റെ പ്രചാരണ വാഹനത്തിൽ ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാലാക്കാർ കൊടുക്കൂ, പാലാ അവൻ എടുക്കട്ടെ, അതുപോലെ അവന്റെ അപ്പനും എടുക്കണം, പൂഞ്ഞാർ’ -സുരേഷ് ഗോപി പറഞ്ഞു.
എഫ്.സി.ആർ.എയിൽ ഒരു ആശങ്കയും ആവശ്യമില്ല. ആശങ്കയുള്ളവർ കള്ളന്മാരായിരിക്കും. കണക്ക് കൃത്യമാണോ? ബിനാമി ഏർപ്പാടുകളിൽ കുടുങ്ങിയിട്ടില്ലയോ? എങ്കിൽ ഒരു പ്രശ്നവുമില്ല. ഹിന്ദു മതവിശ്വാസപ്രകാരം ഉള്ള സ്ഥാപനങ്ങളിലേക്ക് വന്ന പണത്തിന് ദുർവിനിയോഗം ഉണ്ടായോ, ആ ദുർവിനിയോഗം ചെയ്തവരെ ക്രൂശിക്കുന്നതാണ് ഹിന്ദു വിശ്വാസികൾക്ക് ഇഷ്ടം. ഈ പറഞ്ഞതുപോലെ തന്നെയാണ് എല്ലാ മതവിഭാഗങ്ങളും. വിശ്വാസികൾ ഇത് തെളിവോടെ സമർപ്പിച്ചാൽ വിശ്വാസികൾ തൃപ്തരായിരിക്കും. അത് ഏതു മതത്തിന്റെതായാലും. യൂനിഫോം സിവിൽ കോഡിന്റെ കാല ഘട്ടത്തിലേക്ക് നീങ്ങുകയാണ് നമ്മൾ. എല്ലാം തുല്യമായിരിക്കും. ഒരാളെയും പ്രീണിപ്പിക്കില്ല. ‘തുഷ്ടികരൺ, കറപ്ഷൻ’ (പ്രീണനവും അഴിമതിയും) ഈ രണ്ടു കാര്യങ്ങൾക്കാണ് മോദി സർക്കാർ വർജ്യം കൽപ്പിച്ചിരിക്കുന്നത്’ -സുരേഷ് ഗോപി പറഞ്ഞു.



