പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ജലശുദ്ധീകരണശാലയ്ക്ക് സമീപമുള്ള വീടുകളിൽ വ്യാപക പ്രാണി ശല്യം. ശുദ്ധീകരണശാലയിലെ ജൈവ മാലിന്യങ്ങളിൽ നിന്നാണ് പ്രാണി ഉണ്ടാകുന്നത്. പരാതി പറയാൻ തുടങ്ങി 4 വർഷമായിട്ടും പരിഹാരം കാണാതെ അധികൃതർ. സമഗ്രമായ ശാസ്ത്രീയ പഠനവും ഇതുവരെ നടത്തിയില്ല. ഉടൻ പരിശോധിക്കുമെന്ന് ജലവിഭവമന്ത്രി വ്യക്തമാക്കി. മലമ്പുഴയിലെ ജലശുദ്ധീകരണ ശാലയ്ക്ക് സമീപം താമസിക്കുന്ന 60 കുടുംബങ്ങളുടെ 4 വർഷമായുള്ള ദുരിതമാണിത്. രാവും പകലും വ്യത്യാസമില്ലാതെ പ്രാണി ശല്യം.
രാത്രിയായാൽ വീട്ടിൽ ലൈറ്റിടാൻ പോലുമാകാത്ത സ്ഥിതി. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ഇരുട്ടിലാണ്. കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്. കൊതുകിന് സമാനമായ പ്രാണിയാണിത്, ഇത് മുട്ടയിട്ട് പെരുകുന്നു. മലമ്പുഴ ഡാമിൽ നിന്ന് പമ്പ് ചെയ്തെടുക്കുന്ന വെള്ളത്തിലൂടെ എത്തി ശുദ്ധീകരണശാലയിൽ അടിയുന്ന ജൈവ മാലിന്യങ്ങളിൽ നിന്നാണ് പ്രാണികൾ ഉണ്ടാകുന്നത്.
ഇതാണ് പാലക്കാട് വിക്ടോറിയ കോളേജിലെ വിദഗ്ധ സംഘം വർഷങ്ങൾക്ക് മുമ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിനപ്പുറം ഒരു ശാസ്‌ത്രീയ പഠനവും ഇവിടെ നടന്നിട്ടില്ല. ശുദ്ധീകരണ ശാല മാസത്തിലൊരിക്കലെങ്കിലും വൃത്തിയാകണമെന്ന ജില്ല കളക്ടറുടെ നിർദേശവും നടപ്പായില്ല. പ്രാണി ശല്യം ഗൗരവമായി അന്വേഷിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഇനിയെങ്കിലും അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.



