യു കെ യിൽ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്ന ബില്ലിനെതിരെ വോട്ടുചെയ്യാൻ പാർലമെന്റ് അംഗങ്ങളോട് അഭ്യർഥിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ് കോൺഫറൻസ്. ലൈഫ് ഇഷ്യൂസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ആർച്ച്ബിഷപ്പ് ജോൺ ഷെറിംഗ്ടൺ, ബില്ലിൻ്റെ തത്വത്തിലും പ്രയോഗത്തിലുമുള്ള പിഴവുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ് ഉൾപ്പെടെയുള്ള നിരവധി പ്രൊഫഷണലുകൾ ബില്ലിനെ എതിർക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മുമ്പ് ബില്ലിനെ പിന്തുണച്ചിരുന്ന ചില എം പി മാർ ഇപ്പോൾ ആശങ്ക പ്രകടിപ്പിക്കുകയും അതിനെ എതിർത്ത് വോട്ടുചെയ്യുകയും ചെയ്തേക്കാമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

യു കെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദും ബില്ലിൻ്റെ തിരക്കിട്ട പ്രക്രിയയെ വിമർശിച്ചു. ഇതിന് വേണ്ടത്ര സൂക്ഷ്മപരിശോധന ഇല്ലെന്നും അവർ ആരോപിച്ചു. കൂടാതെ, റൈറ്റ് ടു ലൈഫ് യു കെ യുടെ വക്താവ് കാതറിൻ റോബിൻസൺ, പർലമെൻറ് അംഗങ്ങളോട് ബില്ലിന്റെ പിഴവുകൾ ചൂണ്ടിക്കാണിക്കാൻ അഭ്യർഥിച്ചു.

അതേസമയം ഷെറിങ്ടൺ കത്തോലിക്കരോടും സുമനസ്സുകളോടും അവരുടെ എം പി മാരെ ബന്ധപ്പെടാനും ബില്ലിനെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെടാനും ആഹ്വാനം ചെയ്തു. രാജ്യത്തെ ഏറ്റവും ദുർബലരായ പൗരന്മാർക്കുവേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. “പാർലമെൻ്റ് അവരെ സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കുന്നു. അത്തരമൊരു സമൂലമായ മാറ്റത്തിന് ബില്ലിൻ്റെ നടപടിക്രമം അപര്യാപ്തമാണെന്നും അതിൻ്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കുമെന്നും” ആർച്ച്ബിഷപ്പ് ഊന്നിപ്പറഞ്ഞു.