ഈ മാസം നടക്കാനിരിക്കുന്ന പ്രശസ്തമായ യൂറോസറ്ററി പ്രതിരോധ പ്രദർശനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇസ്രായേല്‍ സർക്കാർ പ്രതിനിധികളെ ഫ്രാൻസ് വിലക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ കര-വ്യോമ പ്രതിരോധ പ്രദർശനങ്ങളിലൊന്നാണ് പാരീസിൽ നടക്കുന്ന യൂറോസറ്ററി. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയമാണ് ഫ്രാൻസിൻ്റെ ഈ പുതിയ തീരുമാനം പുറത്തുവിട്ടത്. പശ്ചിമേഷ്യൻ മേഖലയിലെ കടുത്ത സൈനിക സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫ്രാൻസിൻ്റെ ഈ കടുത്ത നടപടി. ഫലസ്തീനിൽ ഇസ്രായേല്‍ നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

സർക്കാർ പ്രതിനിധികൾക്ക് വിലക്കേർപ്പെടുത്തിയതിന് പുറമെ ഇസ്രായേലിലെ ആയുധ നിർമാതാക്കൾക്കും ഫ്രാൻസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദർശനത്തിൽ ആക്രമണോത്സുക ആയുധ സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഇസ്രായേലി കമ്പനികളെ പൂർണ്ണമായി വിലക്കി. ഇവർക്ക് വ്യോമപ്രതിരോധ ഉൽപ്പന്നങ്ങൾ മാത്രമേ പ്രദർശനത്തിൽ അവതരിപ്പിക്കാൻ അനുമതിയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ നിരന്തരമായ സമ്മർദ്ദവും ഫ്രാൻസിൻ്റെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

ഇസ്രായേല്‍ നാഷണൽ സെക്യൂരിറ്റി മിനിസ്റ്റർ ഇതാമർ ബെൻ ഗ്വീറിന് ഫ്രഞ്ച് അധികൃതർ തങ്ങളുടെ രാജ്യത്ത് വിലക്കേർപ്പെടുത്തി ഒരു ആഴ്ച പിന്നിടുമ്പോഴാണ് പുതിയ നടപടിയുണ്ടാകുന്നത്. ഇതാമർ ബെൻ ഗ്വീറിൻ്റെ കടുത്ത വലതുപക്ഷ നിലപാടുകളും വിവാദ നടപടികളുമാണ് ഫ്രാൻസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. തടവിലാക്കപ്പെട്ട ഫ്ലോട്ടില്ല പ്രവർത്തകരെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ഫ്രാൻസിൻ്റെ നടപടി.

കണ്ണുകൾ മൂടിക്കെട്ടിയും കൈകൾ ബന്ധിച്ചും തറയിൽ മുട്ടുകുത്തിച്ചിരുത്തിയിരിക്കുന്ന ഫ്ലോട്ടില്ല പ്രവർത്തകർക്ക് മുന്നിൽ നിന്ന് ഇതാമർ ബെൻ ഗ്വീർ പരിഹസിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രതിനിധികൾക്കും ആയുധ കമ്പനികൾക്കും കടുത്ത നിയന്ത്രണങ്ങളുമായി ഫ്രാൻസ് രംഗത്തെത്തിയിരിക്കുന്നത്.