സോഫിയ (ബൾഗേറിയ): യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലേയെൻ സഞ്ചരിച്ച വിമാനത്തിന്റെ ജിപിഎസ് സിഗ്നൽ ബൾഗേറിയയ്ക്ക് മുകളിൽവെച്ച് നഷ്ടമായി. പിന്നിൽ റഷ്യയുടെ ഇടപെടലാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിന്റെ ജിപിഎസ് സംവിധാനത്തെ റഡാർ ജാമർ ബാധിച്ചതായി യൂറോപ്യൻ യൂണിയൻ വക്താവ് അരിയാന പോഡെസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വിമാനം സുരക്ഷിതമായി ബൾഗേറിയയിലെ പ്ലോവ്ഡിവ് വിമാനത്തിൽ എത്തിച്ചേർന്നതായും അരിയാന കൂട്ടിച്ചേർത്തു.
റഷ്യയുടെ ഭീഷണി ഇതാദ്യമായിട്ടല്ല ഉർസുല നേരിടുന്നതെന്നും പ്രതിരോധ മേഖലയിലുള്ള യൂറോപ്യൻ യൂണിയന്റെ നിക്ഷേപങ്ങൾ തുടരുമെന്നും അരിയാന പ്രതികരിച്ചു. വിമാനത്തിന്റെ ജിപിഎസ് സിഗ്നൽ നഷ്ടമായതായി ബൾഗേറിയയും പ്രസ്താവനയിറക്കിയിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ ബൾഗേറിയയുടെ തലസ്ഥാനത്ത് പൊതുജനങ്ങളോട് സംസാരിക്കവേ പുതിനെ വേട്ടക്കാരനെന്ന് വിശേഷിപ്പിച്ച ഉർസുല, പ്രതിരോധത്തിലൂടെ മാത്രമേ പുതിനെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു.
പ്രദേശത്ത് റഷ്യ അടിക്കടി വിമാനങ്ങളുടെ ജിപിഎസ് സിഗ്നലുകളെ ജാമ്മർ ഉപയോഗിച്ച് തടയുന്നതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. അടിക്കടി ഇത്തരം സംഭവങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലെയും ജർമ്മനിയിലെയും ഗവേഷകർ കഴിഞ്ഞവർഷം ആറുമാസത്തെ പഠനം നടത്തിയിരുന്നു. രഹസ്യ കപ്പലുകളുടെ സഹായത്തോടെ റഷ്യയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.