പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ശനിയാഴ്ച (ജനുവരി 11) നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് എരുമേലി പേട്ടതുള്ളലിന് നേതൃത്വം നൽകുന്നത്. ആകാശത്ത് ശ്രീകൃഷ്ണപരുന്തിന്റെ സാന്നിധ്യം കാണുമ്പോൾ പേട്ട ശാസ്താക്ഷേത്രത്തിൽനിന്ന് അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളൽ ആരംഭിക്കും. ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി എരുമേലി വാവര് പള്ളിയിലെത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മറ്റി പ്രതിനിധികൾ പുഷ്പങ്ങൾ വിതറിയും ഷാൾ അണിയിച്ചും സ്വീകരിക്കും. മൂന്നു മണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ട ശാസ്താക്ഷേത്രത്തിൽനിന്നു ആരംഭിക്കും.

പേട്ടതുള്ളലിന് മുന്നോടിയായി എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഇന്ന് ചന്ദനക്കുടം ഉത്സവം നടക്കും. വൈകിട്ട് ഏഴു മണിക്ക് ഫ്ലാഗ് ഓഫ് നടക്കും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകൾ അണിനിരക്കുന്ന ചന്ദനക്കുടം ഘോഷയാത്രയ്ക്ക് വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും മാറ്റുകൂട്ടും. ഘോഷയാത്രയെ ക്ഷേത്രങ്ങളിൽ സ്വീകരിക്കും. ആഘോഷത്തിന് മുൻപായി വൈകുന്നേരം നാലു മണിക്ക് മസ്ജിദ് ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ, ആലങ്ങാട് പേട്ടസംഘങ്ങളുമായി സൗഹൃദ സംഗമം നടക്കും.

അതേസമയം മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്ന് പുറപ്പെടും. തിരുവാഭരണ ഘോഷയാത്ര 14ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാന സർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

വൈകുന്നേരം 6:15ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്, അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14ന് രാവിലെ 8:45നാണ് മകരസംക്രമപൂജ. ജനുവരി 20ന് ശബരിമല നട അടക്കും. തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച് എത്തുന്ന പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് ജനുവരി 20ന് ദർശനത്തിന് അവകാശം.