അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സാമ്പത്തിക ഇടപാടുകളിൽ ബാങ്ക് ഓഫ് അമേരിക്ക അശ്രദ്ധ കാണിച്ചുവെന്ന ആരോപണത്തിൽ കോടതി ഇടപെടൽ. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവഗണിച്ചുകൊണ്ട് ബാങ്ക് നിയമവിരുദ്ധമായ ലാഭമുണ്ടാക്കിയെന്ന ഇരകളുടെ പരാതിയിൽ കേസ് തുടരാമെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജെഡ് റാക്കോഫ് വ്യക്തമാക്കി.
അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക, എപ്സ്റ്റീന്റെ ലൈംഗിക വ്യാപാരത്തിലൂടെ അറിഞ്ഞുകൊണ്ട് നേട്ടമുണ്ടാക്കിയെന്നും ഫെഡറൽ നിയമങ്ങൾ നടപ്പിലാക്കുന്നത് തടഞ്ഞുവെന്നും ഇരകൾ ആരോപിക്കുന്നു. എന്നാൽ, ബാങ്കിനെതിരായ മറ്റ് നാല് ആരോപണങ്ങളും ബാങ്ക് ഓഫ് ന്യൂയോർക്ക് മെലോണിനെതിരെയുള്ള സമാനമായ കേസുകളും കോടതി തള്ളി. കേസിന്റെ വിചാരണ മെയ് 11-ലേക്ക് നിശ്ചയിച്ചിട്ടുണ്ട്.
എപ്സ്റ്റീന്റെ ഇടപാടുകളെക്കുറിച്ച് ബാങ്കിന് അറിവുണ്ടായിരുന്നുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വരുമാനമില്ലാത്ത ഒരു യുവതിയുടെ അക്കൗണ്ടിലൂടെ വൻതുകയുടെ ഇടപാടുകൾ നടന്നപ്പോഴും ബാങ്ക് അത് ഗൗനിച്ചില്ല. എപ്സ്റ്റീന്റെ ഇടപാടുകളിൽ മുൻപരിചയമുള്ള ഉദ്യോഗസ്ഥൻ ബാങ്കിലുണ്ടായിരുന്നിട്ടും ഇത്തരം നടപടികൾ തുടർന്നത് കുറ്റകരമായ അശ്രദ്ധയാണെന്ന് കോടതി നിരീക്ഷിച്ചു. 2019-ൽ അറസ്റ്റിലാകുന്നത് വരെ ലാഭത്തിന് വേണ്ടി ബാങ്ക് ഇയാൾക്ക് സേവനങ്ങൾ നൽകിയെന്നാണ് പരാതിക്കാരുടെ വാദം. നേരത്തെ സമാനമായ കേസുകളിൽ ജെപി മോർഗൻ ചേസ് (290 മില്യൺ ഡോളർ), ഡച്ച് ബാങ്ക് (75 മില്യൺ ഡോളർ) എന്നിവർ ഇരകളുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ബാങ്ക് ഓഫ് അമേരിക്ക വസ്തുതകൾ പൂർണ്ണമായി പരിശോധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു.



