ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ അന്വേഷണത്തിന് ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അന്ന് ഇന്‍ഡിഗോ വിമാനത്തിനകത്ത് നടന്നത് പ്രതിഷേധമായിരുന്നില്ലെന്നും ഭീകര പ്രവര്‍ത്തനമായിരുന്നുവെന്നും ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു. ഇത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു. പ്രതികളെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ട്. ജുഡീഷ്യറിയെ ഉപയോഗിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിനെ സ്വാധീനിച്ച് പോലും ഇടപെടലുകളുണ്ടായി. അക്രമികള്‍ക്കെതിരെ ഇന്‍ഡിഗോ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഭീകരന്മാര്‍ അന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെ വധിക്കാനാണ് എത്തിയതെന്ന വാദത്തില്‍ ഇ പി ജയരാജന്‍ ഉറച്ചുനില്‍ക്കുകയാണ്. അക്രമണോത്സുകരായി ബഹളം വച്ചുകൊണ്ട് ഭീകരര്‍ മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞെത്തിയപ്പോള്‍ താന്‍ തടഞ്ഞു. ഇവര്‍ തന്നെ തള്ളിമാറ്റി കുതിക്കാന്‍ നോക്കിയപ്പോള്‍ താനും തിരിച്ച് തള്ളി. ഇതാണ് അവിടെ സംഭവിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
2022 ജൂണ്‍ 19നാണ് കേസ്നാസ്പദമായ സംഭവം നടക്കുന്നത്. ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വ്യക്തമാക്കുകയായിരുന്നു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാറും കേസില്‍ പ്രതിയാണ്.



