രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളായ കേദാർനാഥിലും ബദ്രിനാഥിലും ദർശനം നടത്തുന്ന എല്ലാ അഹിന്ദുക്കളും ഇനി ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദ്ദേശം. ബദരി-കേദാർ ക്ഷേത്ര കമ്മിറ്റിയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇതോടെ ഇവിടെ സ്ഥിരമായി സന്ദർശനം നടത്തുന്ന നടി സാറാ അലി ഖാനും കേദാർനാഥിലും ബദ്രിനാഥിലും പ്രാർത്ഥന തുടരുന്നതിന് സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. ചൊവ്വാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദുമതത്തിലുള്ള തങ്ങളുടെ വിശ്വാസം വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകൾ സന്ദർശകർ നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാർത്ഥനയ്ക്കായി ഏതെങ്കിലും ക്ഷേത്രം സന്ദർശിക്കുന്ന ഏതൊരു അഹിന്ദു ഭക്തനും ഈ നിയമം ഒരേപോലെ ബാധകമാകും.
നടി സാറ അലി ഖാൻ കേദാർനാഥിൽ നടത്തുന്ന അടിക്കടിയുള്ള സന്ദർശനങ്ങളെ പരാമർശിച്ച് കൊണ്ട്, പുതിയ നിബന്ധന പാലിച്ചാൽ പ്രാർത്ഥന നടത്താൻ നടിയെ അനുവദിക്കുമെന്ന് ദ്വിവേദി പറഞ്ഞു. “സാറ അലി ഖാൻ സനാതന ധർമ്മത്തോടുള്ള തന്റെ ഭക്തി പ്രകടിപ്പിക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്താൽ, പ്രാർത്ഥന നടത്താൻ ഞങ്ങൾ അവരെ അനുവദിക്കും,” അദ്ദേഹം പറഞ്ഞു.
സാറ അലി ഖാനും കേദാർനാഥ് ക്ഷേത്രവും
തന്റെ ആദ്യ ചിത്രമായ ‘കേദാർനാഥ്’ ആ പ്രദേശത്ത് ചിത്രീകരിച്ചത് മുതൽ സാറ അലി ഖാൻ കേദാർനാഥിലെ സ്ഥിരം സന്ദർശകയാണ്. ഭഗവാൻ ശിവന് സമർപ്പിച്ചിരിക്കുന്ന പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള തന്റെ ആത്മീയ സന്ദർശനങ്ങളുടെ ദൃശ്യങ്ങൾ വർഷങ്ങളായി അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഔദ്യോഗിക പദവികളോ പ്രത്യേക ആനുകൂല്യങ്ങലോ ഇല്ലാതെ അവർ നടത്തുന്ന ഈ സന്ദർശനങ്ങൾ, അവരുടെ ആത്മീയ ജീവിതത്തിലെ കൃത്യനിഷ്ഠത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, പുതിയ നിർദ്ദേശം പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലെ പ്രവേശനത്തെയും മതപരമായ ആചാരങ്ങളെയും കുറിച്ച് വിശാലമായ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. പാരമ്പര്യം സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നാണ് ക്ഷേത്ര കമ്മിറ്റി ഉന്നയിക്കുന്ന വാദം.



