കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. ആദ്യം തപാല്‍ വോട്ടുകളും തുടര്‍ന്ന് ഇവിഎമ്മിലെ വോട്ടുകളും എണ്ണും. രാവിലെ 8.30 മുതല്‍ തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.
രാവിലെ ആറുമണിയോടെ ഉദ്യോഗസ്ഥരും പിന്നീട് നിരീക്ഷകരും സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തും. ഏഴുമണിയോടെ ചുമതലയുള്ള ഉദ്യോഗസ്ഥനും സഹായിയും ചേര്‍ന്ന് സ്ട്രോങ് റൂം തുറന്ന് ഇവിഎമ്മുകള്‍ ഹാളിലേക്ക് കൊണ്ടുവരും. ഈ മുഴുവന്‍ നടപടികളും വീഡിയോയില്‍ രേഖപ്പെടുത്തും. ഇവിഎമ്മിന്റെ കണ്‍ട്രോള്‍ യൂണിറ്റും ഫോം 14-സിയും ഹാളിലേക്ക് കൊണ്ടുവരും. ഒരു ഹാളില്‍ ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളുടെ വോട്ടുകള്‍ ഒരുമിച്ച് എണ്ണും. ഒരു ഇവിഎമ്മിന് ഒരു മേശ എന്ന രീതിയിലും, തപാല്‍ വോട്ടുകള്‍ക്ക് 500 എണ്ണം വീതം ഒരു മേശയും, സര്‍വീസ് വോട്ടിന് പ്രത്യേക മേശയും ഒരുക്കും.
വോട്ടെണ്ണല്‍ നടപടികള്‍ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍, സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അവരുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കും. ഓരോ മേശയിലെയും വോട്ടുകള്‍ എണ്ണി കഴിഞ്ഞാല്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, വരണാധികാരി, നിരീക്ഷകന്‍ എന്നിവര്‍ കണക്കുകള്‍ പരിശോധിച്ച് ഉറപ്പാക്കും. തപാല്‍ വോട്ടുകള്‍ക്കാണ് ആദ്യം പരിഗണന. എട്ടുമണിക്ക് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകള്‍ ഇല്ലെങ്കില്‍ നേരിട്ട് ഇവിഎം വോട്ടുകള്‍ എണ്ണും. സാധാരണയായി 8.30ഓടെ ഇവിഎം വോട്ടെണ്ണല്‍ ആരംഭിക്കും.
ഓരോ റൗണ്ടും പൂര്‍ത്തിയായാല്‍ ഫലം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. എല്ലാ രേഖകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എന്‍കോര്‍’ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തും. ഓരോ മേശയ്ക്കരികിലും മൈക്രോ ഒബ്സര്‍വര്‍മാരും ഉണ്ടാകും. ഒരു റൗണ്ടിന് സാധാരണയായി 5 മുതല്‍ 8 മിനിറ്റ് വരെ ആണ് സമയം. കൃത്യത ഉറപ്പാക്കാന്‍ ഓരോ റൗണ്ടിലും രണ്ട് ഇവിഎമ്മുകള്‍ നിരീക്ഷകര്‍ തിരഞ്ഞെടുത്ത് വീണ്ടും പരിശോധിക്കും. കൂടാതെ, ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വി.വി.പാറ്റ് സ്ലിപ്പുകളും നിര്‍ബന്ധമായും പരിശോധിക്കും.
എണ്ണത്തില്‍ വ്യത്യാസമുണ്ടായാല്‍ വി.വി.പാറ്റ് സ്ലിപ്പുകള്‍ ഉപയോഗിച്ച് അന്തിമ ഫലം ഉറപ്പാക്കും. എല്ലാ റൗണ്ടുകളും പൂര്‍ത്തിയായതിന് ശേഷം അന്തിമ ഫലം പ്രഖ്യാപിക്കുകയും വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് റിട്ടേണിംഗ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. മൊബൈല്‍ ഫോണുകള്‍ പുറത്തുവെക്കണം. ഇവിഎമ്മുകളിലോ മറ്റ് രേഖകളിലോ സ്പര്‍ശിക്കരുത്. ഏജന്റുമാര്‍ക്ക് ബാരിക്കേഡിന് പിന്നിലാണ് ഇരിപ്പിടം ഒരുക്കുന്നത്.



