തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തെരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേൽക്കർ, പോളിംഗ് ദിനമായ ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 883 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 1200-ൽ അധികം വോട്ടർമാരുള്ള ബൂത്തുകൾക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കുന്നതും 37 ബൂത്തുകൾ ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്നതുമാണ്. വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയെന്നും പോസ്റ്റൽ വോട്ടുകളിൽ 95 ശതമാനവും പൂർത്തിയായെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.
അടിയന്തര സർവീസിലുള്ളവരും പോളിംഗ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ വോട്ടിംഗ് പുരോഗമിക്കുകയാണ്. പോളിംഗ് ഉദ്യോഗസ്ഥരിൽ 40 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 46.71 കോടി രൂപയുടെ പിടിച്ചെടുത്തെന്നും അധികൃതർ അറിയിച്ചു. ഏപ്രിൽ 29-ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാൻ വിലക്കുണ്ടെന്ന് രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. അഭിപ്രായ സർവേകൾക്ക് ഇന്ന് വൈകിട്ട് ആറുമുതൽ പോളിംഗ് അവസാനിക്കുന്നത് വരെ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് കിട്ടാത്ത പ്രശ്നം. ബാലറ്റുകൾ വരണാധികാരികളുടെ കയ്യിലുണ്ട്. നാളെ വിതരണ കേന്ദ്രത്തിൽ വോട്ട് ചെയ്യാൻ സൗകര്യം ഉണ്ട്. അത് ഉപയോഗപ്പെടുത്തണമെന്നും പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.



