ഇന്ത്യയില്‍ വലിയ തോതിലുള്ള ഭീകരാക്രമണങ്ങള്‍ നടത്താൻ പദ്ധതിയിട്ട എട്ട് പേരെ തമിഴ്നാട്ടില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ, ബംഗ്ലാദേശിലെ ഭീകരഗ്രൂപ്പുകള്‍ എന്നിവയുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികള്‍ കണ്ടെത്തി.
തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിർമാണ യൂണിറ്റുകളില്‍ നിന്നാണ് ആറ് പേരെ പിടികൂടിയത്. മറ്റ് രണ്ട് പേർ പശ്ചിമ ബംഗാളില്‍ നിന്നാണ് പിടിയിലായത്. മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജല്‍ എന്നിവരാണ് തമിഴ്നാട്ടില്‍ നിന്ന് പിടിയിലായവർ. ഇവരില്‍ ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്.
തിരിച്ചറിയല്‍ രേഖയായി ഇവർ വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇവരുടെ കൈയില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപവും പ്രധാന ആരാധനാലയങ്ങളിലും സ്ഫോടനങ്ങള്‍ നടത്താൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിട്ടിരുന്നതായാണ് സൂചന.



