ചെന്നൈ: തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെൽ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി വെട്ടിപ്പ് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടല്‍. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അണ്ണാനഗറിലെ ഭക്ഷണശാലയിൽ എത്തി ആയിരുന്നു നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.
തമിഴ് ചലച്ചിത്ര മേഖലയിലെ മുൻനിര നടനും നിർമ്മാതാവുമാണ് ആര്യ. 2005ൽ സിനിമയിലെത്തിയ ആര്യ ‘നാൻ കടവുൾ’, ‘മദ്രാസപട്ടണം’, ‘ബാസ് എങ്കിര ഭാസ്‌കരൻ’, ‘രാജാ റാണി’, സര്‍പ്പാട്ട പരമ്പരെ, തുടങ്ങി ഒട്ടനവധി സിനിമകളില്‍ നായകനായി എത്തി. തമിഴിന് പുറമെ മലയാളത്തിലും ആര്യ അഭിനയിച്ചിട്ടുണ്ട്.