മധുരവും ഉപ്പുമെല്ലാം കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ചില ആളുകളിൽ എപ്പോഴും ഐസ് ക്യൂബ് കഴിക്കാനുള്ള ശീലം കാണാറുണ്ട്. ഇത് ഒരു സാധാരണ ശീലമായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

തുടർച്ചയായി ഐസ് കഴിക്കാനുള്ള തോന്നലിനെ പാഗോഫാഗിയ എന്ന് വിളിക്കുന്നു. പോഷകമൂല്യമില്ലാത്ത വസ്തുക്കൾ ചവയ്ക്കാനുള്ള അമിതമായ ആഗ്രഹമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇരുമ്പിന്റെ കുറവ് അഥവാ വിളർച്ചയുടെ ഒരു പ്രധാന ലക്ഷണമായിട്ടാണ് ഈ അവസ്ഥയെ കണക്കാക്കുന്നത് എന്ന് ഡോക്ടർമാർ പറയുന്നു. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ, ഹീമോഗ്ലോബിന്റെ ഉത്പാദനം കുറയുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തുന്നതിന്റെ അളവ് കുറയ്ക്കുന്നു.

ശരീരത്തിന് ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോളാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നത്. ഹീമോഗ്ലോബിൻ ശ്വാസകോശത്തിൽ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളിലെ ഒരു പ്രധാന പ്രോട്ടീനാണ്. വിളർച്ചയുള്ള ആളുകൾക്ക് ഐസ് ചവയ്ക്കുന്നത് ഒരു താൽക്കാലിക ആശ്വാസം നൽകിയേക്കാം. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഓർമ്മശക്തി, ശ്രദ്ധ, പഠനം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഐസ് കഴിക്കുന്നതും ചവയ്ക്കുന്നതും പല്ലുകൾ പൊട്ടാനും ഇനാമലിന് കേടുപാടുകൾ സംഭവിക്കാനും കാരണമാകും. ഐസിന്റെ കട്ടിയുള്ള ഘടന പല്ലുകൾക്ക് താങ്ങാനാവുന്നതിലും അധികം സമ്മർദ്ദം നൽകുന്നു. ഇത് കാലക്രമേണ പല്ലുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തും. അതിനാൽ, ഐസ് ചവയ്ക്കുന്ന ശീലം ദന്താരോഗ്യത്തിന് ദോഷകരമാണ്.

എന്നിരുന്നാലും, എല്ലായ്പോഴും ഐസ് കഴിക്കാനുള്ള ആഗ്രഹവും പോഷകക്കുറവിന്റെയോ ഇരുമ്പിന്റെ കുറവിന്റെയോ ലക്ഷണമാകണമെന്നില്ല. ചില ആളുകൾക്ക് ഐസിന്റെ തണുപ്പും ഘടനയും ഒരു പ്രത്യേക ഇഷ്ടമുണ്ടാകാം. ഇത് ഒരു ശീലമായി മാറാനും സാധ്യതയുണ്ട്. എന്നിരുന്നലും ഈ ശീലം പല്ലുകൾക്ക് ദോഷകരമാണെന്ന് ഓർക്കേണ്ടത് അത്യാവശ്യമാണ്.

ഐസ് കഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാൻ ചില വഴികളുണ്ട്. ഐസിന് പകരം തണുത്തതും കറുമുറെയുള്ളതുമായ പച്ചക്കറികൾ (കാരറ്റ്, സെലറി) കഴിക്കുക. അതുപോലെ പഞ്ചസാരയില്ലാത്ത ച്യൂയിംഗം ചവയ്ക്കുന്നതും ഒരു പരിഹാരമാണ്. എപ്പോൾ, എന്തിന് ഐസ് ചവയ്ക്കുന്നു എന്ന് ശ്രദ്ധിക്കുകയും അതിന്റെ കാരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ഈ ശീലം നിയന്ത്രിക്കാൻ സാധിക്കും. ഇത്തരം ശീലങ്ങൾ തുടരുകയാണെങ്കിൽ ഒരു ഡോക്ടറെ കാണുകയും അവരുടെ ഉപദേശം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.