സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്ന നിലപാട് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കി. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള ടി ഐ മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്നും വിമർശനം.തൃക്കരിപ്പൂരിലെ തോൽവിക്കും ഇത് കാരണമായി. ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് സ്ഥാനാർഥിയായ കെ ആർ ജയാനന്ദയെ രക്തസാക്ഷിയാക്കിയെന്നും വിമർശനമുയർന്നു. തളിപ്പറമ്പിലെ സ്ഥാനാർഥിത്വവും പയ്യന്നൂരിലെ ഫണ്ട് വിഷയവും വോട്ടർമാർക്കിടയിൽ ചർച്ചയായെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുണ്ടായി.
അതേസമയം, വീഴ്ചകൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ കടുത്ത വിമർശനം. യുഡിഎഫ് തരംഗത്തിൽ പിടിച്ചുനിൽക്കാൻ ആയെങ്കിലും ജില്ലയിലും ജനപിന്തുണ ഇടിഞ്ഞുവെന്ന് വിമർശനം ഉയർന്നു. കൊടുങ്ങല്ലൂരിൽ സിപിഐക്കുള്ളിലെ പടല പിണക്കം പരാജയത്തിന് കാരണമായി. ജില്ലയിൽ യുവജന സംഘടനയുടെ പ്രവർത്തനം മോശമെന്നും പൊതിച്ചോറ് വിതരണം മാത്രം നടത്തുന്ന സംഘടനയായി ഡിവൈഎഫ്ഐ മാറിയെന്നും വിമർശനം ഉണ്ടായി.
2021നെ അപേക്ഷിച്ച് തൃശൂർ ജില്ലയിൽ കുറഞ്ഞത് മൂന്നു സീറ്റുകളും ഒരു ലക്ഷത്തിലധികം വോട്ടുകളും കുറഞ്ഞത് ഗൗരവതരമാണ്. വിജയിച്ച 9 മണ്ഡലങ്ങളിലും ലഭിച്ചത് മുൻ വർഷങ്ങളേക്കാൾ കുറഞ്ഞ വോട്ടായിരുന്നു. ഇരിങ്ങാലക്കുടയിലും ഏരിയ കമ്മിറ്റികൾ പരാജയപ്പെട്ടു. സംഘടനാ ദൗർബല്യം സംഭവിച്ച രണ്ട് കമ്മിറ്റികളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയും വരുത്തി. ഇരിങ്ങാലക്കുടയിൽ യുഡിഎഫിന്റെ അനൈക്യവും കോൺഗ്രസ് നേതാവ് ജാക്സൺ എതിരെയുള്ള വിവാദങ്ങളും മുതലാക്കാനായില്ല. തൃശൂർ ഏരിയ കമ്മറ്റിക്ക് കീഴിൽ 10 ബൂത്തുകളിൽ അമ്പതിൽ താഴെ വോട്ടുകൾ ലഭിച്ചത് സംഘടനാ ദൗർബല്യം വ്യക്തമാക്കുന്നു. മണ്ഡലത്തിലെ എംഎൽഎയും മന്ത്രിയും ആയിരുന്നിട്ടും ആർ ബിന്ദു തൃശൂരിൽ താമസിച്ചത് തിരിച്ചടി ഉണ്ടാക്കി. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ ബിന്ദുവിനു വേണ്ടി സംഘടനാ നടത്തിയ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നില്ല. ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലറായി സ്ഥാനാർഥിയാക്കിയ തീരുമാനം വലിയ പാളിച്ച ഉണ്ടായി. കേരള കോൺഗ്രസ് ജില്ലാ ഘടകം എതിർത്തിട്ടും സംസ്ഥാന ഘടകം ബിജു എസ് ചിറയത്തിനെ നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കി. കൊടുങ്ങല്ലൂരിൽ സിപിഐക്കുള്ളിലെ പടല പിണക്കം പരാജയത്തിന് കാരണമായി.
നാട്ടിക എംഎൽഎ സി സി മുകുന്ദൻ ബിജെപിയിലെത്തിയതിന്റെ പ്രത്യാഘാതം കൊടുങ്ങല്ലൂരിലും നാട്ടികയിലും ഉണ്ടായി. മണലൂരിൽ വിജയിക്കാൻ കഴിഞ്ഞത് ജീവൻ മരണ പോരാട്ടം നടത്തിയതിനാൽ എന്നും വിലയിരുത്തൽ.



