സംവിധായകനും നടനുമായ പ്രദീപ് രംഗനാഥൻ നായകനാവുന്ന ഡ്യൂഡ് എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. കീർത്തീശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായിക. ഹൈദരാബാദിൽ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ പ്രദീപ് നേരിട്ട ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞ് കയ്യടി നേടിയിരിക്കുകയാണ് ഡ്യൂഡിൽ മറ്റൊരു പ്രധാനവേഷം ചെയ്ത ശരത്കുമാർ.

ദയവായി നെഗറ്റീവ് ആയി കാണരുതെന്ന ആമുഖത്തോടെയാണ് ഒരു മാധ്യമപ്രവർത്തക പ്രദീപിനോട് ചോദ്യം ചോദിച്ചത്. ഒരു ഹീറോ മെറ്റീരിയൽ അല്ലാത്ത പ്രദീപ് ഇത്രയും ഉയരത്തിലെത്തി നിൽക്കുന്നത് ഭാഗ്യം കൊണ്ടാണോ കഠിനാധ്വാനം കൊണ്ടാണോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടി പറയാൻ തുടങ്ങിയ പ്രദീപിന്റെ കയ്യിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി ശരത്കുമാർ സംസാരിക്കുകയായിരുന്നു. ഒരു ഹീറോ എങ്ങനെയായിരിക്കണമെന്ന് നിഷ്കർഷിക്കാൻ ആർക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ഞാൻ കുറച്ചുകാലമായി ഈ ഇൻഡസ്ട്രിയിൽ ഉള്ളയാളാണ്. 170-ഓളം ചിത്രങ്ങൾ ചെയ്തു. ആരാണ് ഒരു ഹീറോ മെറ്റീരിയൽ എന്ന് നിങ്ങൾക്ക് ഒരിക്കലും പറയാൻ കഴിയില്ല. ഇവിടെയുള്ള എല്ലാവരും ഹീറോ മെറ്റീരിയലാണ്. ഒരു ഹീറോ ഇങ്ങനെയാവണമെന്ന് നിങ്ങൾക്ക് പറയാനാകില്ല. സമൂഹത്തിന് ഗുണം ചെയ്യുന്ന ഏതൊരു പ്രവൃത്തി ചെയ്യുന്ന വ്യക്തിയും ഹീറോയാണ്.’ ശരത്കുമാർ പറഞ്ഞു.

താരത്തിന്റെ മറുപടി കേട്ട് ആരാധകർ ആർപ്പുവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാറും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്.