ദുബായ്: അബുദാബിയിലെ വാഹനാപകടത്തിൽ നാലുപേർ മരിച്ച സംഭവത്തെ തുടർന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും പോലീസും റോഡ് സുരക്ഷയെക്കുറിച്ചും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
ഡ്രൈവിങ്ങിലെ ചെറിയ അശ്രദ്ധകൾ പോലും വലിയ ദുരന്തത്തിന് കാരണമാകുമെന്നും ദീർഘദൂര യാത്രകൾക്ക് മുന്നേ ഡ്രൈവർമാർ കൃത്യമായി വിശ്രമിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കൂടാതെ ഡ്രൈവിംഗിനിടെ ഉറക്കം തോന്നിയാൽ വാഹനം സുരക്ഷിതമായ ഇടത്ത് നിർത്തി വിശ്രമിക്കണമെന്നും അറിയിച്ചു.
അബുദാബിയിലെ അപകടം നടന്നത് പുലർച്ചെയായതിനാൽ ഉറക്കക്ഷീണവും തളർച്ചയും അപകടകാരണമായിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ റോഡിലെ വേഗപരിധി കൃത്യമായി പാലിക്കണമെന്നും ചില സമയങ്ങളിൽ ഇത് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകുമെന്നും വ്യക്തമാക്കി.
അതേസമയം മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാനും പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോൾ ഇത് അപകടം ഒഴിവാക്കാൻ സഹായിക്കുമെന്നും വാഹനത്തിലുള്ള എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. കുട്ടികൾക്കായി പിൻസീറ്റിൽ പ്രത്യേക ചൈൽഡ് സീറ്റുകൾ ഒരുക്കണമെന്നും അറിയിച്ചു.
ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. തുടർന്ന് നാലുപേർ മരിക്കുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവർ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ലിവയിലെ മരുഭൂമിയിലെ വിനോദങ്ങൾ കഴിഞ്ഞ് പുലർച്ചെ ദുബായിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്നുപേരും കുട്ടികൾ ആയതിനാൽ ഡ്രൈവിങ്ങിൽ കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം യുഎഇയിൽ കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
നിലവിൽ ശൈത്യകാലം കൂടുതൽ കടുക്കുമെന്നാണ് അറിയിപ്പ് അതിനാൽ കനത്ത മഞ്ഞ് കാരണം കാഴ്ചാപരിധി കുറയുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കൂടാതെ ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കേണ്ടതാണ് എന്നും അറിയിച്ചു.
കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യുമ്പോൾ സുരക്ഷയ്ക്കായിരിക്കണം കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും ആർടിഎ വ്യക്തമാക്കി. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാൾ പ്രധാനം സുരക്ഷിതമായി എത്തുക എന്നുള്ളതാണ്” എന്നും അറിയിച്ചു.



