യുഎഇ: യുഎഇയിലെ അപ്പാർട്ട്‌മെന്റുകളിൽ വെച്ച് നിയമവിരുദ്ധമായ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ നടത്തിയ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തതത്തോടെ യുഎഇയിലുടനീളം പോലീസ് കർശനമായ മുന്നറിയിപ്പുകൾ നൽകി. വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും ഒളിപ്പിച്ച് നടത്തുന്ന ഇത്തരം അനധികൃത ചികിത്സകൾ നിയമലംഘനമാണെന്നും വ്യക്തമാക്കി.

ലൈസൻസോ യോഗ്യതയോ ഇല്ലാത്ത ആളുകളാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നും. ഓഫറുകൾ കണ്ട് ആളുകൾ ഇതിന് പിന്നാലെ പോകുന്നതായും കണ്ടെത്തി. ഇത് ആളുകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അറിയിച്ചു. എമിറേറ്റിലെ ആരോഗ്യവകുപ്പിൽ നിന്ന് ലൈസൻസ് നേടിയ ആളുകൾക്ക് മാത്രമേ സൗന്ദര്യവർദ്ധകവുമായ ചികിത്സകൾ നടത്താൻ അനുവാദമുള്ളൂ.

എന്നാൽ കഴിഞ്ഞ ദിവസം പിടികൂടിയ സംഘത്തിന് ലൈസൻസും യോഗ്യതയും ഇല്ലാത്തതായി പോലീസ് കണ്ടെത്തി. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളും വ്യക്തികളും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ചികിത്സകൾ നടത്തുന്നത്. ഇത്തരം സ്ഥലങ്ങളിൽ അണുവിമുക്തമാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടാകില്ല.

കൂടാതെ ഇത്തരം ആളുകൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതോ വ്യാജമോ ആകാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അറിയിച്ചു. നിയമവിരുദ്ധമായി സൗന്ദര്യവർദ്ധക ചികിത്സകൾ നടത്തുന്നവർക്ക് യുഎഇയിൽ കനത്ത ശിക്ഷയാണ് ലഭിക്കുക.