ദുബായില്‍ സോഷ്യല്‍ മീഡിയയിലെ ലൈവ് സ്ട്രീമിങിനിടെ, മിസൈല്‍ ആക്രമണത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള യുവതി കൊല്ലപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് എക്സ്. എഐ ഉപയോഗിത്ത് സൃഷ്ടിച്ചതോ വ്യാജമോ അല്ലെങ്കില്‍ പഴയതോ ആയ ദൃശ്യങ്ങളാണ് ഇതെന്ന് എക്സ് അറിയിച്ചു. ഫാക്ട് ചെക്കേഴ്സും എക്സ് ഉപയോക്താക്കളും ഇതിനകം വിഡിയോ ഫ്ലാഗ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28 ന് ദുബായിലും അബുദാബിയിലും ഉണ്ടായ ഇറാന് ആക്രമണങ്ങള്‍ക്കിടയിലാണ് വിഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്.
25 സെക്കന്‍ഡോളം മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയാണ് എക്സിലൂടെയടക്കം പ്രചരിക്കുന്നത്. ഒരു യുവതി ലൈവ് സ്ട്രീമിങ് ഓണ്‍ ചെയ്ത് ക്യാമറയില്‍ സംസാരിക്കുന്നത് വിഡയോയില്‍ കാണാം. പൊടുന്നനെ ശബ്ദം കേള്‍ക്കുകയും യുവതി എഴുന്നേല്ക്കുകയും ചെയ്യുന്നു. പിന്നാലെ സ്ഫോടനമുണ്ടാകുകയും ലൈവ് സ്ട്രീമിങ് അവസാനിക്കുന്നതുമാണ് വിഡിയോയില്‍ ഉള്ളത്. എക്സില്‍ അടക്കം ഈ വിഡിയോ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വിഡിയോ പരിഭ്രാന്തി പരത്തി. പിന്നാലെയാണ് സ്ഥിരീകരിക്കപ്പെടാത്ത വിഡിയോകളും വിവരങ്ങളും പങ്കുവയ്ക്കുന്നതിലെ അപകടങ്ങൾ എടുത്തുകാണിച്ച് എക്സ് വിഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.



