ദുബായ്: യുഎഇയിൽ ഡ്രൈവറില്ലാ ടാക്സികൾ നിയന്ത്രിക്കുന്നതിനായുള്ള ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചു. ചൈനീസ് ടെക് ബൈഡു അപ്പോളോ ഗോയുമായി സഹകരിച്ച് കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ദുബായ് ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാക്കി മാറ്റാനുള്ള യാത്രയിൽ മറ്റൊരു നിർണ്ണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്

വാഹനങ്ങളെ നിയന്ത്രിക്കുക, സുരക്ഷാ പരിശോധനകൾ നടത്തുക, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകുക, ചാർജിംഗ്, അറ്റകുറ്റപ്പണികൾ എന്നിവ ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ സെന്റർ വഴി നിയന്ത്രിക്കുക. കൂടാതെ ഡ്രൈവറുടെ സഹായമില്ലാതെ തന്നെ റോഡുകളിൽ പരീക്ഷണ ഓട്ടം നടത്താനുള്ള ആദ്യത്തെ പ്രത്യേക പെർമിറ്റും നേടി.

ഇത് യുഎഇയുടെ ഗതാഗത നിയമങ്ങളിൽ വരുത്തിയ വിപ്ലവകരമായ മാറ്റത്തിലൊന്നാണ് ഡ്രൈവറില്ലാ ടാക്സികൾ. 2026 ന്റെ ആദ്യ മാസത്തിൽ തന്നെ ദുബായിൽ ഡ്രൈവറില്ലാ ടാക്സികളുടെ സേവനങ്ങൾ പൂർണ്ണതോതിൽ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. കൂടാതെ തുടക്കത്തിൽ കുറഞ്ഞ എണ്ണം വാഹനങ്ങൾ മാത്രമായിരിക്കും നിരത്തിലിറക്കുക എന്നും അറിയിച്ചു.

പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുമെന്നും വ്യക്തമാക്കി. ഇത് വെറുമൊരു സാങ്കേതിക വിദ്യയല്ല മറിച്ച് ദുബായിലെ ജീവിതനിലവാരം ഉയർത്താനുള്ള ദൗത്യമാണെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ വർധിപ്പിക്കാനും ഡ്രൈവർമാരുടെ പിഴവുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സാധിക്കുമെന്നാണ് പറയുന്നത്.

അതോടൊപ്പം തന്നെ കാർബൺ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഒരു ഗതാഗത സംവിധാനം കെട്ടിപ്പടുക്കാനും ഈ നീക്കം സഹായിക്കുമെന്നും അറിയിച്ചു. കൂടാതെ ഭാവിയിൽ ഡ്രൈവറില്ലാ ടാക്സികളുടെ എണ്ണം ആയിരമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 50 ‘ആർടി 6’ സ്വയംഭരണ വാഹനങ്ങൾ ഇതിനോടകം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ദുബായിലെ റോഡുകളിൽ ഇറക്കി.

എന്നാൽ കൃത്യമായ പരീക്ഷണങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ വാണിജ്യ സർവീസുകൾ ആരംഭിക്കുകയുള്ളൂ എന്നാണ് അറിയിപ്പ്. ഒപ്പം ഡ്രൈവറില്ലാ ടാക്സികളുടെ വരവ് ദുബായിലെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.