അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പോപ്പ്

ഡോ. കെ.വി.തോമസ്കുട്ടി

സൂര്യന്റെ ചുവന്ന രശ്മികൾ തിരശീലകൾക്കു പിന്നിൽ പ്രകാശ രശ്മികൾ ചൊരിഞ്ഞു നിൽക്കുന്ന സന്ധ്യയിൽ, പ്രാർത്ഥനയുടെയും സംഗീതത്തിന്റെയും നാദപൂർണ്ണതയിൽ കണ്ണുചിമ്മാതെ ആകാംക്ഷയോടെ ജനലക്ഷങ്ങൾ ഒന്നുചേർന്ന് നിൽക്കവെ വത്തിക്കാൻ സി‌സ്റ്റൈൻ ചാപ്പൽ ചിമ്മിനിയിൽ നിന്ന് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വെളുത്ത പുക ഉയർന്നു. ആറു മണി . ജനത്തിന്റെ ആരവംകൊണ്ടു അന്തരീക്ഷം മുഖരിതമായി. പിന്നീട് കണ്ടത് വത്തിക്കാൻ സ്ക്വയറിലേക്കുള്ള ജനത്തിന്റെ ഒഴുക്കാണ്.

സെന്റ് പീറ്റേഴ്സ് ബസലിക്കായുടെ ബാൽക്കണിയിൽ കാർഡിനൽ ഡൊമിനിക് മാംബർട്ടി (Dominique Mamberti) ലോകത്തോട് ലത്തീൻ ഭാഷയിൽ പ്രഖ്യാപിച്ചു “”Habemus papam” (We have a Pope) നമുക്കൊരു പാപ്പായെ ലഭിച്ചു. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ മാർപാപ്പയായി തിരഞ്ഞെടുത്തു. ജനത്തിന്റെ ആരവം ഉച്ചസ്ഥായിയിൽ എത്തി. പുതിയ വലിയ ഇടയൻ ലോകത്തിനു മുൻപിലേക്ക് പ്രത്യക്ഷപ്പെട്ട് നഗരത്തിനും ലോകത്തിനുമായി (Urbi et Orbi)ആദ്യ ആശിർവാദം നൽകി. ലിയോ പതിനാലാമൻ എന്ന പേരാണ് നിയുക്ത മാർപാപ്പ സ്വീകരിച്ചത്. നാലാമത്തെ തിരഞ്ഞെടുപ്പിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്.

കത്തോലിക്കാസഭയുടെ അസാധാരണ മഹത്വം വെളിപ്പെട്ട നിമിഷമായിരുന്നു അത്. മാധ്യമങ്ങളും നേതാക്കളും ബുദ്ധിയുടെ തലത്തിൽ ചിന്തിക്കുന്നതോ പ്രവചിക്കുന്നതോ അല്ല, പരിശുദ്ധാൽമാവിന്റെ വലിയ ഇടപെടലാണ് ഓരോ മാർപ്പാപ്പയുടെയും തിരഞ്ഞെടുപ്പ് എന്ന് വെളിപ്പെട്ട മുഹൂർത്തമായിരുന്നു അത്. ഫ്രാൻസിസ് മാർപാപ്പയുടെ സമയത്തും പ്രവചനങ്ങൾ തെറ്റിച്ച തെരഞ്ഞെടുപ്പാണ് നടന്നത്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതുമുതൽ എത്രയെത്ര പ്രവചനകളാണ് വന്നത്. മനുഷ്യന്റെ ബുദ്ധിയല്ല പ്രാർത്ഥനയുടെ ബലമാണ് ഈ തെരഞ്ഞെടുപ്പ് എന്ന് ലോകം തിരിച്ചറിയുന്നു. നൂറ്റിനാല്പതുകോടി മനുഷ്യരുടെ പ്രാർത്ഥനയുടെ ബലമാണത്. ഈ പ്രാർത്ഥനയുടെ ഉൾക്കനം ലിയോ പതിനാലാമൻ വായിച്ചെടുക്കാമായിരുന്നു. മാർപാപ്പയുടെ മുഖത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട വലിയ താൻ ദൈവനിയോഗത്തിന്റെ ആഴവും പരപ്പും ഉൾക്കൊണ്ട് ഉള്ളിൽ കനംതൂങ്ങിയ കണ്ണുനീർ പിടിച്ചൊതുക്കി, അധികമായ വികാര വിക്ഷോഭമില്ലാതെ പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറയാൻ കാണിച്ച അസാധാരണമായ ശക്തി എന്നും ഓർക്കപ്പെടും. യുദ്ധത്തിന്റെയും കെടുതികളുടെയും നാളിൽ സമാധാനത്തിന്റെ സന്ദേശമാണ് അദ്ദേഹം ആദ്യമായി ലോകത്തിനു നൽകിയത്. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ തുടർച്ചപോലെ കത്തോലിക്കാ സഭയുടെ വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നോട്ടുപോകുമെന്ന് നിശ്ചയദാർഢ്യമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചു നിന്നത്.

കത്തോലിക്ക സഭാ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയിൽ നിന്നുള്ള ഒരാൾ മാർപാപ്പയാകുന്നത്. തെക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തുള്ള സമ്പന്നമാല്ലാത്ത ഒരു റിപ്പബ്ലിക്കാണ് പെറു. പെറുവിന്റെ ചരിത്രം മുഴുവൻ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും, ദാരിദ്ര്യത്തിന്റേയുമാണ്. 30 വർഷത്തോളം ഒരു മിഷനറിയായി പ്രവർത്തിച്ച റോബർട്ട് പ്രെവോസ്റ്റ് പെറുവിൽ പിന്നീട് ആർച്ച് ബിഷപ്പായും പ്രവർത്തിച്ചു. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന് ശേഷം ഇപ്പോൾ ആദ്യത്തെ അമേരിക്കൻ പോപ്പായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ചുമതലയേറ്റിരിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത്തെ പോപ്പാണ് ഇദ്ദേഹം.

അമേരിക്കയിൽ ചിക്കാഗോയിലാണ് അദ്ദേഹത്തിന്റെ ജനനം. അഗസ്തീനിയൻ സന്യാസ സമൂഹാംഗമായി 1985 മുതൽ 1998 വരെ പെറുവിൽ ഇടവക വൈദികൻ, രൂപത വക്താവ്, സെമിനാരിയുടെ റെക്ടർ എന്നിങ്ങനെ വിവിധ ചുമതലകൾ വഹിച്ചു. 2001 ൽ സെന്റ് അഗസ്റ്റിൻ സന്യാസസമൂഹത്തിന്റെ ജനറാൾ ആയി അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങി വന്നു. 2013 വരെ അദ്ദേഹം സന്യാസസമൂഹത്തിന്റെ ജനറാൾ ആയിരുന്നു. തുടർന്ന് 2015ൽ പെറുവിലെ ചിക്ലയോ രൂപതയുടെ ബിഷപ്പ് ആയി ചുമതലയേറ്റു.2023ൽ പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തെ കർദിനാളായി ഉയർത്തി വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്ന് ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായി നിയമിച്ചു. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ നാമനിർദ്ദേശങ്ങൾ പരിശോധിക്കുന്ന സമിതിയുടെ തലവനെന്നതായിരുന്നു 2023ൽ ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പ്രെവോസ്റ്റിന് നൽകിയ ചുമതല. കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.


അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നല്ല ഭാഗവും പെറുവിലെ ജനത്തിനുവേണ്ടിയാണ് ജീവിച്ചത്. 1985 മുതൽ പെറുവിലെ സാധാരണ ജനത്തോടൊപ്പം വിവിധ സേവന മേഖലകളിൽ പ്രവർത്തിച്ചു എന്ന് മാത്രമല്ല 2015- ൽ റോബർട്ട് പ്രൈവോസ്റ്റ് പെറുവിയൻ പൗരത്വവും നേടി. പെറുവിലെ രാഷ്ട്രീയ അസ്ഥിരതയും, തീവ്രവാദവും, അഴിമതിയും കൊണ്ട് ദുരിതം അനുഭവിച്ച മനുഷ്യരുടെ കണ്ണീർ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത റോബർട്ട് പ്രവോസ്റ്റിന് മനുഷ്യന്റെ യാതനകളുടെ ആഴം അറിയാം. അതുകൊണ്ടാണ് തന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് നഗരത്തെയും ലോകത്തെയും ആശീർവദിക്കാൻ പ്രത്യക്ഷപ്പെട്ട മാർപ്പാപ്പ പെട്ടെന്ന് മടങ്ങിപ്പോകുകയല്ല, ജനത്തിന്റെ ആവരസത്തോടു ചേർന്ന്, കണ്ണ് നനയ്ക്കുന്ന സ്നേഹത്തോടു ചേർന്ന് നിൽക്കുകയാണ് ചെയ്തത്. ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള വലിയ ഇടയന്റെ സ്നേഹ സാന്നിധ്യമാണ് നേരിട്ടും ടിവി കളിലൂടെയും ലോകം മുഴുവൻ കണ്ടത്.

ലിയോ പതിനാലാമൻ മാർപാപ്പ തന്റെ പേര് സ്വീകരിച്ചതും യാദൃശ്ചികം എന്ന് കരുതിക്കൂടാ. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ചാക്രിയ ലേഖനം റേരും നൊവാരും പ്രസിദ്ധമാണ്. ഇതിന്റെ ഉള്ളടക്കം തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ ആയിരുന്നു. തൊഴിലാളികളുടെ മേൽ നീതിരഹിതമായ ചുമത്തപ്പെടുന്ന കഷ്ടപ്പാടും ദുരിതവുമാണ് അദ്ദേഹം ഈ ചാക്രിയ ലേഖനത്തിലൂടെ അഭിസംബോധന ചെയ്തത്. സമാനമായി യാതന അനുഭവിക്കുന്ന തൊഴിലാളികളുടെയും, സാധാരണക്കാരുടെയും, ചൂഷണം അനുഭവിക്കുന്ന സകലമനുഷ്യരുടേയും കാവലാളാകുമെന്ന സൂചന പേരിൽ തന്നെ ഉണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ തുടങ്ങിവച്ച ദുർബലരോടും പീഡിതരോടുമുള്ള പക്ഷംപിടിക്കൽ കൂടുതൽ ആർജവത്തോടെ തുടരും എന്ന് തന്നെ വേണം കരുതാൻ.

പുതിയ മാർപാപ്പയെ തിരഞ്ഞെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദ്ദിനാൾ ബസേലിയോസ് കാർഡിനാൾ ക്ളീമിസ് കാതോലിക്കാബാവായും ഉണ്ടായിരുന്നു എന്നത് നമുക്ക് അഭിമാനിക്കാൻ കഴിയുന്ന കാര്യമാണ്.

About writer:

Dr.K.V.Thomaskutty
Former Principal, St.John’s College,Anchal
Secretary,Malankara Syrian Catholic Colleges