തിരുവനന്തപുരം : വിദേശത്തു നിന്നും കോടികള്‍ വില വരുന്ന എംഡിഎംഎ കടത്തിയ സഞ്ചുവെന്ന സൈജുവിന് കോടികളുടെ ബിനാമി സമ്പാദ്യം. രണ്ട് കോടിയോളം രൂപ വരുന്ന ഒരു വീടാണ് കല്ലമ്പലം ഞെക്കാട് നിർമിക്കുന്നത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ പേരിലാണ് ഈ വീട്. വർക്കലയിൽ മൂന്നു റിസോർട്ടുകൾ പാട്ടത്തിനെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് തുണിക്കടകളും വർക്കലയിൽ സഞ്ചുവിനുണ്ടെന്നാണ് കണ്ടെത്തൽ.
ഒമാനിൽ നിന്നും രണ്ടു കോടി വിലമതിക്കുന്ന എംഡിഎംഎ എത്തിച്ച ഡോണ്‍ സഞ്ചുവെന്ന സൈജുവിന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധമുണ്ട്. വലിയ തുക പറഞ്ഞുറപ്പിച്ച് ഒന്നര കിലോ എംഡിഎംഎ എത്തിച്ചത്. സംസ്ഥാനത്ത് പുറത്ത് അടക്കം ഇയാൾ ലഹരി മരുന്ന് വിൽപന നടത്തിയിരുന്നതായാണ് പൊലീസ് നിഗമനം . പലരിൽ നിന്ന് ലക്ഷങ്ങള്‍ അഡ്വാൻസ് വാങ്ങിയതിന്റെ തെളിവ് സഞ്ചുവിൻെറ ഫോണിൽ നിന്ന് കിട്ടി. ലഹരി ഉപയോഗത്തിന് പൊലീസും എക്സൈസും ചോദ്യം ചെയ്ത സിനിമാ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലഭിച്ചു. താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ചു പൊലിസിന് കൃത്മായി മറുപടി നൽകിയിട്ടില്ല.
ലഹരിമരുന്ന് പിടിക്കപ്പെട്ടാലും അന്വേഷണം തന്നിലേയ്ക്ക് എത്താതിരിക്കാൻ കാട്ടാക്കട സ്വദേശിയുടെ പേരിലാണ് സഞ്ചു വിമാനത്താവളം വഴി പാഴ്സൽ കടത്തിയത്. ഇയാള്‍ക്ക് ടിക്കറ്റ് എടുത്ത് നൽകിയത് സഞ്ചുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഭാരം കൂടുതലായതിനാൽ ചില പാഴ്ലുകള്‍ കൊണ്ടുവരാൻ സഞ്ചു ആവശ്യപ്പെട്ട പ്രകാരം കൊണ്ടുവന്നുവെന്നാണ് ഇയാളുടെ മൊഴി. ഈ വർഷം നാലു പ്രാവശ്യം സഞ്ചു വിദേശയാത്ര നടത്തിയിട്ടുണ്ട്.