എറണാകുളം റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യൻ കോലഞ്ചേരി കാട്ടുമറ്റത്തിൽ ഡോ.കെ.സി. ജോയ് (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കിണർ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തിൽ കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആൾമറയില്ലാത്ത കിണറായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി കിണറ്റിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടൻ തന്നെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.



