പയ്യന്നൂര്‍ (കണ്ണൂര്‍): രാമന്തളിയില്‍ രണ്ടു കുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി വിധിക്ക് പിന്നാലെ. രാമന്തളി സെന്ററില്‍ വടക്കുമ്പാട് റോഡില്‍ കൊയിത്തട്ട താഴത്തെവീട്ടില്‍ കലാധരന്‍ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണന് (2) എന്നിവരാണു മരിച്ചത്. ഉഷയെയും കലാധരനെയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ഭാര്യയും കലാധരനും തമ്മില്‍ കുടുംബക്കോടതിയില്‍ കേസ് നിലവിലുണ്ട്. കുട്ടികളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധിച്ചിരുന്നു. ഇതാകാം മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കുഞ്ഞുങ്ങള്‍ക്കു വിഷംകൊടുത്ത് രണ്ടുപേരും തൂങ്ങിയതാകാമെന്നാണു പ്രാഥമിക നിഗമനം. ഉഷയുടെ ഭര്‍ത്താവ് പയ്യന്നൂര്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ എ.കെ.ഉണ്ണിക്കൃഷ്ണന് ജോലികഴിഞ്ഞ് രാത്രി 9ന് എത്തിയപ്പോള്‍ വീടു പൂട്ടിയതായി കണ്ടു. കുറെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സിറ്റൗട്ടില്‍നിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് ഉണ്ണിക്കൃഷ്ണന് ഉടന്‍ പൊലീസ് സ്റ്റേഷനിലെത്തി കൈമാറി.
പൊലീസെത്തിയാണു വാതില്‍ തുറന്നത്. പാചകത്തൊഴിലാളിയാണു കലാധരന്‍. കോടതിവിധിയെത്തുടര്‍ന്ന് കുട്ടികളെ ഉടന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. ഇന്നലെ രാത്രി ഉണ്ണിക്കൃഷ്ണനെ ഫോണില്‍വിളിച്ച പൊലീസ്, കുട്ടികളെ ഇന്നു വിട്ടുകൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നു വീട്ടിലെത്തിയപ്പോഴാണ് ദുരന്തമറിയുന്നത്. കണ്ണൂര്‍ റൂറല്‍ എസ്പി അനൂജ് പലിവാളിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.



