പുതുതായി നിലവിൽ വന്ന 16 ജില്ലാ കമ്മിറ്റികള്‍ക്കും ഓഫീസ് തുറക്കാനുള്ള ചെലവ് സംസ്ഥാന കമ്മിറ്റി വഹിക്കും. കാറും വാങ്ങി നൽകും. സംസ്ഥാനത്തെ 14 ജില്ലാ കമ്മിറ്റികളെ ഈയ്യിടെ 30 എണ്ണമായി വിഭജിച്ചിരുന്നു. റവന്യൂ ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന ജില്ലാ കമ്മിറ്റികള്‍ക്ക് നേരത്തേതന്നെ വാഹനവും ഓഫീസുമുണ്ട്. പുതിയ ജില്ലാ കമ്മിറ്റികള്‍ക്ക് ഓഫീസ്, വാഹനസൗകര്യം എന്നിവയുടെ അഭാവം പറഞ്ഞപ്പോള്‍തന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുൻകൈയെടുത്താണ് നടപടിയെടുത്തത്.

ജില്ലാതലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ ഉടൻ തുടങ്ങണമെന്ന് അദ്ദേഹം ജില്ലാ പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിന് ഓരോ ഘടകത്തിനും ടാർഗറ്റ് നല്‍കിയതായും പറയുന്നു. ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ 15-ന് ഹെല്‍പ്പ് ഡെസ്ക് തുടങ്ങും.

സംസ്ഥാന പ്രസിഡന്റിന്റെ ജില്ലാതല സംഘടനായാത്രയില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനം വിലയിരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്കിനായി ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ ഒരു മുറി, രണ്ട് സ്മാർട്ട് ഫോണ്‍, രണ്ട് കംപ്യൂട്ടർ, ഇൻറർനെറ്റ് സംവിധാനം, പ്രിൻറർ, സ്കാനർ എന്നിവ ഉടൻ ക്രമീകരിക്കണമെന്നാണ് ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം. ഹെല്‍പ്പ് ഡെസ്ക് കൈകാര്യം ചെയ്യുന്നവർക്ക് സംസ്ഥാനതലത്തില്‍ 10-നുമുൻപ് ശില്പശാല നടത്താനും തീരുമാനിച്ചിട്ടുണ്ട്.