പശ്ചിമേഷ്യൻ യുദ്ധം 22-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർണ്ണായക നയതന്ത്ര നീക്കവുമായി ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് മേഖലയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. ഇറാന് നേരെ അമേരിക്കയും ഇസ്റാഈലും നടത്തുന്ന ആക്രമണങ്ങൾ മനുഷ്യത്വരഹിതവും അധാർമ്മികവുമാണെന്ന് സംഭാഷണത്തിനിടെ പെസഷ്കിയാൻ പറഞ്ഞു. ശനിയാഴ്ച, 2026 മാർച്ച് 21-നാണ് ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം നടന്നതെന്ന് ന്യൂഡൽഹിയിലെ ഇറാൻ എംബസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പശ്ചിമേഷ്യയിൽ അശാന്തി പടർത്തുന്നത് ഇറാനാണെന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആരോപണങ്ങളെ മസൂദ് പെസഷ്കിയാൻ ശക്തമായി തള്ളി. മേഖലയിൽ സംഘർഷം വളർത്തുന്നത് ഇസ്റാഈലാണെന്നും നിരപരാധികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിനെതിരെ ലോകരാജ്യങ്ങൾ ശബ്ദമുയർത്തണമെന്നും പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചയിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിലവിൽ ബ്രിക്സ് സഖ്യത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ ഈ വിഷയത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്ന് മസൂദ് പെസഷ്കിയാൻ ആവശ്യപ്പെട്ടു. ഇറാന് നേരെയുള്ള ആക്രമണങ്ങൾ തടയാൻ ബ്രിക്സ് സഖ്യം മുൻകൈ എടുക്കണം. ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ബ്രിക്സിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന ഏത് നയതന്ത്ര നീക്കങ്ങളെയും ഇറാൻ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പശ്ചിമേഷ്യൻ രാജ്യങ്ങളുടെ മാത്രം പങ്കാളിത്തമുള്ള ഒരു സംയുക്ത സുരക്ഷാ സഖ്യം രൂപീകരിക്കണമെന്ന നിർദ്ദേശവും മസൂദ് പെസഷ്കിയാൻ മുന്നോട്ടുവെച്ചു. വിദേശ ശക്തികളുടെ ഇടപെടലില്ലാതെ മേഖലയിലെ രാജ്യങ്ങൾ സഹകരിച്ചാൽ മാത്രമേ സമാധാനം ഉറപ്പാക്കാൻ കഴിയൂ എന്നാണ് ഇറാന്റെ പക്ഷം. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ യുദ്ധമില്ലാത്ത സാഹചര്യം ഒരുക്കാൻ കഴിയുമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. യുദ്ധമുഖത്തെ ഓരോ ചലനങ്ങളും ഇന്ത്യ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.