യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ച്, പിന്നീട് കുടുംബത്തിനൊപ്പം തിരച്ചിലിൽ പങ്കുചേർന്ന പ്രതിശ്രുത വരൻ പൊലീസ് പിടിയിൽ.ധാർവാഡ് ഗാന്ധി ചൗക്ക് സ്വദേശി സാക്കിയ മുല്ല (21) കൊല്ലപ്പെട്ട കേസിലാണ് പ്രതിശ്രുത വരനായ സാബിർ പർവേസ് അഹമ്മദ് മുല്ലയെ (25) പൊലീസ് അറസ്റ്റ് ചെയ്തത്. ധാർവാഡ് സാധനകേരിയിലെ ഡ്രൈവറാണ് പ്രതി.

സംഭവം ഇങ്ങനെ:

ചൊവ്വാഴ്ച വൈകുന്നേരമാണ് സാക്കിയയെ കാണാതായത്. സാബിറും സാക്കിയയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നതാണ്. ചൊവ്വാഴ്ച വൈകിട്ട് സാക്കിയയെ കൂട്ടിക്കൊണ്ടുപോയ സാബിർ, മനാസൂർ റോഡിൽ വെച്ച് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ചു.

രാത്രി വൈകിയും മകൾ തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതിനിടെ, സാക്കിയയെ കാണാനില്ലെന്നറിഞ്ഞ് എത്തിയ സാബിർ, കുടുംബാംഗങ്ങൾക്കും പൊലീസിനുമൊപ്പം തിരച്ചിലിൽ പങ്കുചേർന്നു. മൻസൂർ റോഡിൽ നിന്ന് യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ധാർവാഡ് ജില്ലാ പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കൊലപാതകത്തിൽ സാബിറിന്റെ പിതാവിനും പങ്കുണ്ടെന്ന് സാക്കിയയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.