ജോലിഭാരംമൂലം പൊട്ടിക്കരഞ്ഞ് ചൈനയിലെ ഭക്ഷണ വിതരണ ജീവനക്കാരൻ. ഇതിന്റെ ഹൃദയഭേദകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഠിനമായ ജോലി ശാരീരികവും വൈകാരികവുമായ ആഘാതത്തിലേക്ക് നയിക്കുന്നത് എങ്ങനെയാണെന്നാണ് ഈ വീഡിയോ കാണിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള ഡെലിവറി യൂണിഫോമും ഹെൽമെറ്റും ധരിച്ച ഡെലിവറി ജീവനക്കാരൻ തന്റെ ദൈനംദിന ജീവിതത്തിലെ തളർത്തുന്ന യാഥാർഥ്യങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് തേങ്ങിക്കരയുന്നത്. ദിവസം 10 മണിക്കൂർ ജോലി ചെയ്യുന്നതിനാൽ താൻ എല്ലാ ദിവസവും ക്ഷീണിതനാണെന്നും വിശ്രമിക്കാൻ ഒരു മാർഗ്ഗവുമില്ലെന്നും അദ്ദേഹം പറയുന്നു.

‘ദിവസവും 10 മണിക്കൂർ ഭക്ഷണം വിതരണം ചെയ്യുന്നു. ക്ഷീണിച്ച് അവശനായാണ് അത് ചെയ്യുന്നത്. ഒരു നിമിഷം പോലും ഉഴപ്പാൻ എനിക്ക് ധൈര്യമില്ല. കാരണം അങ്ങനെ ചെയ്താൽ ജീവിതം ഒഴിഞ്ഞ വയറു നൽകി എന്നെ ശിക്ഷിക്കും. എനിക്ക് എങ്ങനെ ഉത്കണ്ഠ തോന്നാതിരിക്കും?. എനിക്ക് ഒരവസരം കൂടി ലഭിച്ചാൽ ചെറുപ്പത്തിൽ പഠനം നിർത്തുന്നതിന് പകരം ഞാൻ തീർച്ചയായും കഠിനാധ്വാനം ചെയ്ത് പഠിക്കുമായിരുന്നു.’ കരഞ്ഞുകൊണ്ട് അദ്ദേഹം സംസാരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഡെലിവറി പ്ലാറ്റ്ഫോമുകൾ ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നതിനെത്തുടർന്ന് ജീവനക്കാർക്ക് ദീർഘനേരം ജോലി ചെയ്യേണ്ടിവരികയും കടുത്ത സമ്മർദ്ദം നേരിടേണ്ടിവരികയും ചെയ്യുന്നുണ്ടെന്നാണ് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ആളുകൾ പൊതുവെ വിലകുറഞ്ഞ ഭക്ഷണമാണ് ഓർഡർ ചെയ്യുന്നത്. അത് ജീവനക്കാരുടെ വരുമാനം കുറയ്ക്കുന്നു. ഭൂരിഭാഗം പേരും കമ്മീഷൻ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത് എന്നതിനാൽ വരുമാനം നിലനിർത്താൻ കൂടുതൽ സമയം ജോലി ചെയ്യാൻ അവർ നിർബന്ധിതരാകുന്നു.

രണ്ട് പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ആധിപത്യം കരാർ വ്യവസ്ഥകൾ ജീവനക്കാർക്കുമേൽ അടിച്ചേൽപ്പിക്കാൻ അവരെ സഹായിക്കുന്നു. ഇത് മോശമാകുന്ന തൊഴിൽ സാഹചര്യങ്ങളെ എതിർക്കാൻ തൊഴിലാളികൾക്ക് അവസരം നൽകാത്ത അവസ്ഥയുണ്ടാക്കുന്നുവെന്ന് നിരീക്ഷകർ പറയുന്നു.

കർശനമായ ലോക്ക്ഡൗൺ കാരണം ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന കോവിഡ് കാലത്ത് അവരെ സഹായിക്കുന്നതിൽ ഈ തൊഴിലാളികൾ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവർ രാജ്യത്തെ ഭക്ഷണ സംസ്കാരത്തിന്റെ ഒരു ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. ഭക്ഷണം എത്തിക്കുന്നതിനായി തിരക്കേറിയ റോഡുകളിലൂടെയും അജ്ഞാതമായ ഇടവഴികളിലൂടെയും അവർ സഞ്ചരിക്കുന്നു.

കനത്ത മഴയിലോ ശക്തമായ ചുഴലിക്കാറ്റിലോ പോലും ചിലർ ജോലി നിർത്താറില്ല. ലോകത്തിലെ ഏറ്റവും വലിയ ടേക്ക്ഔട്ട് ഡെലിവറി വിപണി ചൈനയുടേതാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. കൃത്യസമയത്ത് ഡെലിവറി പൂർത്തിയാക്കാൻ തൊഴിലാളികൾ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. അമിതവേഗതയിൽ സഞ്ചരിക്കാനോ റെഡ് ലൈറ്റ് മറികടക്കാനോ നിയമങ്ങൾ ലംഘിക്കാനോ പോലും അവർ നിർബന്ധിതരാകുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.