ഹൃദയം നിറയ്ക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഒരു മാൻ കുഞ്ഞിന് പാൽ കൊടുക്കുന്ന അമ്മ മാൻ. ഇരുവരെയും ശല്യം ചെയ്യാതെ അവരുടെ സ്നേഹബന്ധത്തിന് തടസമാകാതെ ക്ഷമയോടെ കാത്ത് നിൽക്കുന്ന കാറുകളും ബൈക്കുകളും. ആരും ഹോണടിച്ചോ കൂക്കി വിളിച്ചോ ശബ്ദമുണ്ടാക്കുന്നില്ല. എല്ലാവരും ക്ഷമയോടെ ആ അമ്മയ്ക്കും കുഞ്ഞിനുമായി കാത്ത് നിന്നു. വിദേശ രാജ്യത്തെവിടെയെങ്കിലുമാണ് ഈയൊരു കാഴ്ചാനുഭവം എന്ന് കരുതിയെങ്കിൽ തെറ്റി. ഇതിങ്ങ് ചെന്നൈയിലുള്ള മദ്രാസ് ഐഐടിയിലെ ഒരു പതിവ് കാഴ്ച.

മദ്രാസ് ഐഐടിയിലെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം നേരത്തെയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള വീഡിയോയിൽ, ഒരു അമ്മ മാൻ റോഡിന്‍റെ നടുവിൽ ശാന്തമായി തന്‍റെ മാൻകുട്ടിയ്ക്ക് പാൽ കൊടുക്കുന്നത്. കാണാം. ഇത് ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിച്ചു. കാറും ടെമ്പോ വാനും ബൈക്കും മാത്രമല്ല. സൈക്കിൾ ഒടിച്ച് അതുവഴി പോവുകയായിരുന്ന ഒരു സ്ത്രീ പോലും സൈക്കിൾ ചവിട്ടുന്നത് നിർത്തി കാത്ത് നിന്നു. ഒടുവിൽ കാറിൽ നിന്നും ഒരു യുവതി ഇറങ്ങി അമ്മമാനിനും കുഞ്ഞുമടുത്തേക്ക് നടക്കാൻ തുടങ്ങിയതോടെ ഇരുവരും റോഡിൽ നിന്നും മാറി. ഇതോടെ വാഹനങ്ങൾ മുന്നോട്ട് എടുക്കുന്നതും വീഡിയോയിൽ കാണാം.’