ന്യൂ ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ വാദം ഏറ്റുപിടിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. പാർട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും ട്രംപിന്റെ വാദത്തെ തള്ളി രംഗത്തെത്തിയതോടെ രാഹുൽ ഒറ്റപ്പെട്ടു. ശശി തരൂർ, രാജീവ് ശുക്ല, ശിവസേന ഉദ്ധവ് വിഭാഗം നേതാക്കൾ തുടങ്ങിയവരാണ് ട്രംപിനെ തള്ളി രംഗത്തെത്തിയത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മരിച്ച സമ്പദ്‌വ്യവസ്ഥയാണെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്. ട്രംപിന്റെ വാദം ശരിയാന്നെന്നും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒഴികെ ബാക്കിയെല്ലാവർക്കും നമ്മുടേത് ഒരു മരിച്ച സമ്പദ്‌വ്യവസ്ഥയാണെന്ന് അറിയാമെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. ട്രംപ് സത്യമാണ് പറഞ്ഞതെന്നും അദാനിയെ സഹായിക്കാനായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബിജെപി തീർത്തുകളഞ്ഞെന്നും രാഹുൽ പറഞ്ഞിരുന്നു.

രാഹുലിന്റെ ഈ മറുപടിയെ പിന്തുണയ്ക്കാതെയാണ് പാർട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയില്ലെങ്കിലും ഇന്ത്യക്ക് മറ്റ് ഓപ്‌ഷനുകളുണ്ട് എന്നായിരുന്നു ശശി തരൂർ പ്രതികരിച്ചത്. ‘ നമ്മൾ യൂറോപ്യൻ യൂണിയനുമായി ചർച്ചയിലാണ്, ബ്രിട്ടനുമായി ഒരു കരാർ ഉണ്ടാക്കിക്കഴിഞ്ഞു. മറ്റ് രാജ്യങ്ങളുമായും ചർച്ചയിലാണ്. അമേരിക്കയ്ക്ക് പുറത്തും നമുക്ക് മാർക്കറ്റ് വ്യാപിപ്പിക്കാൻ സാധിക്കും. നമുക്ക് സാധ്യതകൾ ഇല്ലാതെയില്ല’; എന്നായിരുന്നു തരൂർ പറഞ്ഞത്. അമേരിക്കയുടെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങേണ്ട കാര്യമില്ലെന്നും തരൂർ കൂട്ടിച്ചേർത്തിരുന്നു.

കോൺഗ്രസ് രാജ്യസഭാ എംപിയായ രാജീവ് ശുക്ലയും ട്രംപിനെതിരെ രംഗത്തെത്തി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാണ് എന്നും പല ഭരണാധികാരികളും ചേർന്ന് അതിന് ശക്തമായ അടിത്തറ നൽകിയിട്ടുണ്ട് എന്നുമായിരുന്നു രാജീവ് ശുക്ല പറഞ്ഞത്. ‘ നരസിംഹ റാവുവും മൻമോഹൻ സിങ്ങും ഉള്ള കാലത്താണ് സാമ്പത്തിക പരിഷ്‌കാരങ്ങൾ ഉണ്ടായത്. വാജ്‌പേയ് സർക്കാർ അത് മുന്നോട്ടുകൊണ്ടുപോയി. മൻമോഹൻ സിംഗ് സർക്കാർ അതിനെ കൂടുതൽ ശക്തിപ്പെടുത്തി. ഇപ്പോഴത്തെ സർക്കാരും നന്നായി പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥ അത്ര മോശമൊന്നുമല്ല. നമ്മളെ സാമ്പത്തികമായി ഇല്ലാതെയാക്കിക്കളയാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണ മാത്രമാണ്. ട്രംപിന്റേത് വെറും വ്യാമോഹം മാത്രമാണ്’; എന്നാണ് രാജീവ് ശുക്ല പറഞ്ഞത്.

ശിവസേന ഉദ്ധവ് വിഭാഗം എംപി പ്രിയങ്ക ചതുർവേദിയും ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെതന്നെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണെന്നും ട്രംപിന് അഹങ്കാരമാണെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്.

ട്രംപിന്റെ വാദത്തെ പിന്തുണച്ച രാഹുലിനെതിരെ ബിജെപിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ നല്ല നാളേയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന, 140 കോടി ഇന്ത്യക്കാരെയും അപമാനിക്കുന്നതാണ് രാഹുലിന്റെ പ്രസ്താവന എന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞത്. ഇന്ത്യ-റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ട്രംപ് കുറ്റപ്പെടുത്തിയത്. ഇന്ത്യയുടേതും റഷ്യയുടേതും മരിച്ച സമ്പദ്‌വ്യവസ്ഥകളെന്നും ഇരുവർക്കും ഒരുമിച്ച് അതിനെ താഴേക്ക് കൊണ്ടുപോകാമെന്നുമാണ് ട്രംപ് പറഞ്ഞത്. ‘ഇന്ത്യ റഷ്യയോടൊപ്പം എന്തൊക്കെ ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. അവർ അവരുടെ മരിച്ച സമ്പദ്‌വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകട്ടെ. ഞങ്ങൾക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീൽ മാത്രമേ ഉള്ളു. അവരുടെ താരിഫ് വളരെ കൂടുതലാണ്. റഷ്യയും യുഎസും തമ്മിൽ ഒരു വ്യാപാരവുമില്ല. ഇപ്പോഴും പ്രസിഡന്റാണെന്ന് വിചാരിക്കുന്ന, തോറ്റ പ്രസിഡന്റ് മെദ്‌വെദേവിനോട് വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ പറയണം. അപകടകരമായ മേഖലയിലാണ് അയാൾ കൈവെക്കുന്നത്’; എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.