ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍; വാക്‌സിനേഷന്‍ എടുത്തതിന്റെ തെളിവുകള്‍ ഹാജരാക്കേണ്ട ആദ്യത്തെ യുഎസ് നഗരമായി ന്യൂയോര്‍ക്ക് മാറുന്നു. ഇന്‍ഡോര്‍ ഡൈനിംഗ്, ജിമ്മുകള്‍, പെര്‍ഫോമന്‍സുകള്‍ എന്നിവയ്ക്കായി തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വാക്‌സിനേഷന്‍ തെളിവ് ഹാജരാക്കേണ്ടി വരും. ഇത്തരമൊന്ന് നടപ്പിലാക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, വാക്‌സിനേഷന്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന വിവിധ ഇടങ്ങള്‍ പൊതുസമൂഹത്തിന് തുറന്നു കൊടുക്കാന്‍ ന്യൂയോര്‍ക്ക് തയ്യാറെടുക്കുകയാണ്. പബ്ലിക്ക് പെര്‍ഫോമന്‍സുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇതോടെ ഉപാധികളായി. ഇക്കാര്യം മേയര്‍ ബില്‍ ഡി ബ്ലാസിയോ ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം ഫ്രാന്‍സിലും ഇറ്റലിയിലും പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് സമാനമാണിത്. ഇത്തരത്തിലുള്ള പ്രോഗ്രാം ഈ മാസം അവസാനം ആരംഭിക്കും. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഡെല്‍റ്റ വീണ്ടും ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടപ്പിലാകുന്നത്. ഒരു പരിവര്‍ത്തന കാലയളവിനുശേഷം, സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന സെപ്റ്റംബര്‍ പകുതിയോടെ എന്‍ഫോഴ്‌സ്‌മെന്റ് ആരംഭിക്കുകയും കൂടുതല്‍ തൊഴിലാളികള്‍ക്ക് മാന്‍ഹട്ടനിലെ ഓഫീസുകളിലേക്ക് മടങ്ങുകയും ചെയ്യും. ആ നിലയ്ക്ക് കൂടുതല്‍ പൊതു ഇടങ്ങള്‍ തുറക്കേണ്ടി വരുമെന്നാണ് കരുതുന്നത്. അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാനാണ് ഇപ്പോഴത്തെ ഈ നീക്കം.

‘നല്ലതും പൂര്‍ണ്ണവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ വാക്‌സിനേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ആവശ്യമാണ്. അങ്ങനെയുള്ളവര്‍ മാത്രം സംഘം ചേരുന്നതാവും നല്ലത്. അല്ലാത്തവര്‍ ഇത്തരം ഇടങ്ങള്‍ ഒഴിവാക്കേണ്ടി വരും,’ ഡി ബ്ലാസിയോ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘എന്നാല്‍, എല്ലാവരും ഇതിനോട് യോജിക്കാന്‍ പോകുന്നില്ല, എനിക്ക് അത് മനസ്സിലായി,’ അദ്ദേഹം പറഞ്ഞു. ‘നിരവധി ആളുകള്‍ക്ക്, ഇത് ഒരു ജീവന്‍ രക്ഷിക്കുന്ന പ്രവൃത്തിയായിരിക്കും, ഈ നഗരത്തില്‍ വളരെ ഉയര്‍ന്ന അളവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പ് നല്‍കാന്‍ ഞങ്ങള്‍ ഒരു ഉത്തരവ് നല്‍കുന്നു. അതാണ് ആളുകളെ സംരക്ഷിക്കുന്നതിനുള്ള താക്കോല്‍, ഞങ്ങളുടെ വീണ്ടെടുക്കലിന്റെ താക്കോല്‍.’ ബ്ലാസിയോ ആവേശഭരിതനായി പറഞ്ഞു.
കൊറോണ വൈറസ് കേസുകളുടെ മൂന്നാമത്തെ തരംഗം കുറയ്ക്കുന്നതിന് കൂടുതല്‍ ന്യൂയോര്‍ക്കുകാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഡി ബ്ലാസിയോ തീവ്രമായി നീങ്ങുകയാണ്. നഗരത്തിലെ തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാനോ അല്ലെങ്കില്‍ പ്രതിവാര പരിശോധന നേരിടാനോ അദ്ദേഹം ആവശ്യപ്പെടുന്നു. കൂടാതെ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് അദ്ദേഹം 100 ഡോളര്‍ പ്രോത്സാഹന സമ്മാനവും വാഗ്ദാനം ചെയ്തു. വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോഴും നഗരത്തിലെ പോക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്കാണുള്ളത്. എന്നാല്‍, കണക്കുകള്‍ പ്രകാരം നഗരത്തിലെ മുതിര്‍ന്നവരില്‍ 66 ശതമാനവും പൂര്‍ണമായും കുത്തിവയ്പ് എടുത്തിട്ടുണ്ട്. ശേഷിച്ചവരെ കുത്തിവെപ്പ് എടുപ്പിക്കുക എന്നതാണ് വലിയ വെല്ലുവിളി.

ലോസ് ഏഞ്ചല്‍സ് കൗണ്ടി, സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വലിയ നഗരപ്രദേശങ്ങളില്‍ ഉള്ളതുപോലെ ഇന്‍ഡോര്‍ മാസ്‌ക് മാന്‍ഡേറ്റ് പുനഃസ്ഥാപിക്കാന്‍ ഡി ബ്ലാസിയോ മടിച്ചു. തിങ്കളാഴ്ച ന്യൂയോര്‍ക്കുകാരെ വീടിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ, പൊതു ഇടങ്ങളില്‍ ഇക്കാര്യം നടപ്പിലാക്കുന്നത് കടുത്ത വിമര്‍ശനം നേരിടേണ്ടി വരുമെന്നു കരുതിയാണ് അദ്ദേഹം ഇതില്‍ നിന്നും പിന്മാറിയത്. പുതിയ പരിപാടിയുടെ ഭാഗമായി, ഇന്‍ഡോര്‍ ഡൈനിംഗ്, ജിമ്മുകള്‍, വിനോദം, പ്രകടനങ്ങള്‍ എന്നിവയില്‍ തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആവശ്യമായ വാക്‌സിനേഷന്‍ തെളിവ് നല്‍കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി ‘ന്യൂയോര്‍ക്ക് പാസ് കീ’ എന്ന ആരോഗ്യ പാസ് സൃഷ്ടിക്കും.
ഇന്‍ഡോര്‍ ബാറുകള്‍, റെസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍ എന്നിവ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സില്‍, ആളുകള്‍ ഒരു ആരോഗ്യ പാസ് കാണിക്കുന്നുണ്ട്. വാക്‌സിനേഷന്റെ തെളിവ് അല്ലെങ്കില്‍ സമീപകാലത്തെ നെഗറ്റീവ് ടെസ്റ്റ് സ്വീകരിച്ചവര്‍ക്കാണ് ഈ പാസ് ലഭിക്കുക. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, തിയേറ്ററുകള്‍, 50 ലധികം ആളുകള്‍ക്ക് വേദിയാകുന്ന സ്ഥലങ്ങളില്‍ എന്നിവിടങ്ങളിലേക്ക് പ്രവേശനം നേടണമെങ്കില്‍ ഇത് ആവശ്യമാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍, സമാനമായ വാക്‌സിനേഷന്റെ തെളിവ് ആവശ്യമായി വരുമെങ്കിലും ടെസ്റ്റിംഗ് ഓപ്ഷന്‍ ഇല്ല. ഫ്രാന്‍സിലെ നിയന്ത്രണങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ വാക്‌സിന്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നു. സമാനകാര്യങ്ങള്‍ ന്യൂയോര്‍ക്കിലും സംഭവിച്ചേക്കുമെന്നാണ് കരുതുന്നത്. ഇത് വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്തുമെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. എന്നാല്‍ ഇത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പറയുന്ന ആളുകള്‍ക്കിടയില്‍ പ്രതിഷേധങ്ങളുടെ ഒരു പരമ്പരയുണ്ടാക്കുന്നു.

വാക്‌സിന്‍ മാന്‍ഡേറ്റ് നടപ്പിലാക്കാന്‍ നഗരം ഒരു ഹെല്‍ത്ത് കമ്മീഷണറുടെ ഉത്തരവും ഒരു മേയര്‍ എക്‌സിക്യൂട്ടീവ് ഉത്തരവും പുറപ്പെടുവിക്കും. സെപ്റ്റംബര്‍ 13 ന് നിര്‍വ്വഹണം ആരംഭിക്കുന്നതിന് ആറ് ആഴ്ച മുമ്പ്, ബിസിനസുകളെ ബോധവല്‍ക്കരിക്കാനും പുതിയ ആവശ്യകതയെക്കുറിച്ച് പ്രചരിപ്പിക്കാനും ചെലവഴിക്കുമെന്നു മേയര്‍ പറഞ്ഞു. നഗരജീവിതം ആസ്വദിക്കണമെങ്കില്‍ ന്യൂയോര്‍ക്കുകാരെല്ലാവരും തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ഡി ബ്ലാസിയോ പറഞ്ഞു. ‘ഞങ്ങളുടെ സമൂഹത്തില്‍ പൂര്‍ണ്ണമായി പങ്കെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം,’ അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു.

നഗരം മുന്നിട്ടിറങ്ങിയതിന് സ്‌റ്റേറ്റ് സെനറ്റര്‍ ജെയിംസ് സാണ്ടേഴ്‌സ് ജൂനിയര്‍ മേയറെ പ്രശംസിച്ചു. തെക്കുകിഴക്കന്‍ ക്വീന്‍സിനെ പ്രതിനിധീകരിക്കുന്ന സെനറ്ററാണ് അദ്ദേഹം. വൈറസിന്റെ ആദ്യ തരംഗത്തില്‍ കോവിഡ് 19 ല്‍ നിന്ന് ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉണ്ടായിരുന്ന നഗരത്തിന്റെ ഭാഗമാണ് ക്വീന്‍സ്. ഇപ്പോള്‍ അത് വാക്‌സിനേഷന്‍ ചെയ്യാത്ത ആളുകളുടെ ഏറ്റവും ഉയര്‍ന്ന അനുപാതങ്ങളിലൊന്നാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ന്യൂയോര്‍ക്കുകാര്‍ക്ക് വാക്‌സിനേഷന്റെ തെളിവ് കാണിക്കാതെ പുറത്ത് ഭക്ഷണം കഴിക്കുന്നത് തുടരാനാകും. ഇന്‍ഡോര്‍ വേദികളില്‍ പ്രവേശിക്കാന്‍, അവര്‍ നഗരത്തിന്റെ പുതിയ ഡിജിറ്റല്‍ ആപ്പ്, സംസ്ഥാനത്തിന്റെ എക്‌സല്‍സിയര്‍ ആപ്പ് അല്ലെങ്കില്‍ പേപ്പര്‍ കാര്‍ഡ് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് തെളിവ് കാണിക്കണം.



