കൊച്ചി: ക്ഷാമബത്ത (ഡിഎ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയിൽ. നിയമപരമായി നിർബന്ധമായും നൽകേണ്ട ആനുകൂല്യമല്ല ഡിഎ. ഇത് നൽകുന്നകാര്യത്തിൽ സമയപരിധി പറയാനാകുന്ന സാമ്പത്തികാവസ്ഥയിലല്ല ഇപ്പോഴെന്നും ഹൈക്കോടതിയിൽ സർക്കാർ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസാണ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.കെ. ബാബുവഴി സത്യവാങ്മൂലം ഫയൽചെയ്തത്. ഡിഎ അനുവദിക്കുന്നതിൽ സർക്കാർ ഇപ്പോൾ പുതിയ രീതിയാണ് തുടരുന്നത്. ഇതുപ്രകാരം അഡീഷണൽ ഡിഎ അനുവദിക്കുന്ന മാസം മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുക. ഡിഎ കുടിശ്ശികയുടെ കാര്യത്തിൽ ഇത് ബാധകമല്ല.

Add Mathrubhumi as a
trusted source on Google

കേന്ദ്രസർക്കാർനയങ്ങളാണ് സംസ്ഥാനത്ത് ഫണ്ട് ദൗർലഭ്യത്തിനിടയാക്കുന്നത്. സംസ്ഥാനസർക്കാരിന്റെ കടമെടുപ്പ് പരിധിയിലുള്ള നിയന്ത്രണം ചോദ്യംചെയ്യുന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 26,226 കോടിരൂപ കടമെടുക്കാനുള്ള സർക്കാരിന്റെ അപേക്ഷയും നിഷേധിച്ചിട്ടുണ്ട്. ഇതടക്കമുള്ള വിഷയമാണ് സുപ്രീംകോടതിയിലുള്ളത്. സുപ്രീംകോടതിയിൽനിന്ന് അനുകൂലതീരുമാനമുണ്ടായാൽ ഡിഎ കുടിശ്ശികയുടെ കാര്യത്തിൽ പുനരാലോചനയുണ്ടാകും.

ഡിഎ സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ്. പണപ്പെരുപ്പമടക്കം നേരിടാൻ സർക്കാർ അനുവദിക്കുന്നതാണിത്. ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടൽ പരിമിതമായിരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തികസ്ഥിതിയടക്കം പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

പശ്ചിമബംഗാൾ സർക്കാർ നൽകിയ അപ്പീലിൽ ഡിഎയ്ക്കായി ജീവനക്കാർ അനിശ്ചിതമായി കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നേ സുപ്രീംകോടതി പറഞ്ഞിട്ടുള്ളൂ; അല്ലാതെ പണം നൽകാൻ പറഞ്ഞിട്ടില്ല.

2020 ജനുവരി ഒന്നുമുതൽ 2021 ജൂൺ 30 വരെ കേന്ദ്രസർക്കാർ ഡിഎ തടഞ്ഞിരുന്നു. ഈ കുടിശ്ശിക പിന്നീട് നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാനപ്രസിഡന്റ് എൻ. മഹേഷും ഭാരവാഹികളും ഫയൽചെയ്ത ഹർജിയാണ് കോടതിയിലുള്ളത്.

വ്യാഴാഴ്ച ജസ്റ്റിസ് എൻ. നഗരേഷ് ഹർജി പരിഗണിച്ചെങ്കിലും സർക്കാർ അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്ത് ജനുവരി 22-ലേക്ക് മാറ്റി. 2023 ജൂലായ് മുതൽ ആറുഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് കുടിശ്ശികയുള്ളത്.