ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് യാത്രക്കാരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായകമായത്. സംഭവത്തിൽ സൽമാൻ ഇദ്രീസ് ഖാൻ (30), പ്രമോദ് ഛബ്ബൻ കാംബ്ലെ (28), ദർശിത് മോഹൻ റാവൂത്ത് (32) എന്നിവരാണ് പിടിയിലായത്.

ദുബൈയിൽ നിന്ന് എമിറേറ്റ്‌സ് വിമാനമായ 613-1456-ൽ മുംബൈയിലെത്തിയ അബ്ദുൾ ബാഖി എന്ന യാത്രക്കാരൻ നൽകിയ പരാതിയിലാണ് വിമാനത്താവളത്തിലെ തട്ടിപ്പ് സംഘം വലയിലായത്. കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി എയർപോർട്ടിന്റെ പുറത്തേക്കുള്ള ഭാഗത്തേക്ക് കടക്കുമ്പോഴാണ് മൂന്ന് പേർ ചേർന്ന് അദ്ദേഹത്തെ തടഞ്ഞുനിർത്തിയത്. തങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം, തങ്ങളുടെ എയർപോർട്ട് എൻട്രി പാസുകൾ തിരിച്ചറിയൽ രേഖയായി യാത്രക്കാരനെ കാണിക്കുകയും ചെയ്തു.

തുടർന്ന് ഇവർ യാത്രക്കാരൻ്റെ ലഗേജ് പരിശോധിക്കുന്നതായി നടിക്കുകയും, കസ്റ്റംസ് നിയമങ്ങൾ ലംഘിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ‘ഉയർന്ന കസ്റ്റംസ് തീരുവ നൽകേണ്ട സാഹചര്യം ഒഴിവാക്കിത്തരാം’ എന്ന് പറഞ്ഞ് ഇവർ പണമായി ആവശ്യപ്പെട്ടതോടെയാണ് യാത്രക്കാരന് സംശയം തോന്നിയത്. ഔദ്യോഗിക നടപടികളെല്ലാം പൂർത്തിയാക്കി പുറത്തുവന്നതിന് ശേഷവും വീണ്ടും തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടതിലുള്ള അസ്വാഭാവികതയാണ് അബ്ദുൾ ബാഖിയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്.

യാത്രക്കാരൻ നൽകിയ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കസ്റ്റംസ് സൂപ്രണ്ട് സത്വിർ ഗുർജറും ഉദ്യോഗസ്ഥരായ യതീന്ദ്ര താക്കൂറും ചേർന്ന് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതികളെ തടഞ്ഞുവെച്ച് കസ്റ്റംസ് ഹാളിലേക്ക് മാറ്റി. ചോദ്യം ചെയ്യലിലാണ് പിടിയിലായ മൂന്ന് പേരും വിമാനത്താവളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ മാത്രമാണെന്നും കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ ഭാഗത്ത് പ്രവേശിക്കാൻ അധികാരമില്ലാത്തവരാണെന്നും വ്യക്തമായത്. ആൾമാറാട്ടം നടത്തി പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇവർ നടത്തിയതെന്നും തുടർന്ന് മനസ്സിലായി. യാത്രക്കാരുടെ വിവരങ്ങളും ഫോട്ടോകളും മറ്റ് യാത്രാ വിശദാംശങ്ങളും ഇവർക്ക് കൈമാറിയിരുന്നത് ഇവരുടെ കൂട്ടാളിയായ പ്രതീക് മഹാദിക് (35) ആണെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികൾ കുറ്റം ചെയ്തതായി സ്ഥിരീകരിക്കുകയും ചെയ്തു. വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് ആൾമാറാട്ടം നടത്തുക, യാത്രക്കാരെ ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

തുടർനടപടികൾക്കായി കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ സഹാർ പോലീസിന് കൈമാറി. വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയുടെ പേരിൽ പണം ആവശ്യപ്പെട്ടാൽ യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.