കല്‍ക്കരി ഡിപ്പോകളിലേക്ക് ചരക്കുകടത്തിന് അനുമതി നല്‍കുന്നതിനായി പതിനായിരങ്ങൾ കൈക്കൂലി വാങ്ങിയിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.
ഒഡീഷയിൽ ഡെപ്യൂട്ടി ഡയറക്ടർ പദവിയിൽ ജോലി ചെയ്തിരുന്ന ദേബബ്രത മൊഹന്തിയാണ് ഒടുവിൽ പിടിയിലായത്. ഒരു അനുമതിക്ക് 30,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്

വിജിലൻസ് നടത്തിയ റെയ്ഡില്‍ മൊഹന്തിയുടെ ഫ്ലാറ്റില്‍ നിന്ന് 4.27 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഇത് ഒഡീഷ വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി വേട്ടകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. സംസ്ഥാന വിജിലൻസിന് ആവശ്യമായ വിവരങ്ങള്‍ കൈമാറാൻ വെള്ളിയാഴ്ച ഔദ്യോഗിക കത്ത് നല്‍കിയതായി അധികൃതർ അറിയിച്ചു.

വർഷങ്ങളായി കൈക്കൂലി വാങ്ങി സമ്പാദിച്ച കോടിക്കണക്കിന് രൂപ ഇയാള്‍ ബാങ്കുകളിലേക്കോ മറ്റ് നിക്ഷേപ മാർഗങ്ങളിലേക്കോ മാറ്റിയിരുന്നില്ല. ഈ പണമെല്ലാം ഇയാള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. വിരമിച്ച ശേഷം സുഖജീവിതം നയിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങി പണം വീട്ടില്‍ സൂക്ഷിച്ചത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാൻ ഇയാള്‍ അത്യന്തം സൂക്ഷ്മത പുലർത്തിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ലളിത ജീവിതമായിരുന്നു ദേബബ്രത മൊഹന്തി നയിച്ചിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സ്വന്തമായി ഔദ്യോഗിക വാഹനം ഉണ്ടായിട്ടും ഒരിക്കലും ഇയാള്‍ ഓഫീസില്‍ നിന്നും വീട്ടിലേക്ക് ഈ വാഹനത്തില്‍ എത്തിയിരുന്നില്ല. പകരം ഔദ്യോഗിക വാഹനത്തില്‍ വീടിന് കിലോമീറ്ററുകള്‍ അകലെയിറങ്ങി നടന്ന് വീട്ടിലെത്തുന്നതായിരുന്നു മൊഹന്തിയുടെ പതിവ്. തന്റെ പദവി അയല്‍ക്കാർ അറിയാതിരിക്കാൻ കൂടിയായിരുന്നത്രെ ഇങ്ങനെ ചെയ്തിരുന്നത്. പണം വീട്ടിലെ അലമാരകളിലും ട്രോളി ബാഗുകളിലുമായി ഒളിപ്പിച്ചുവച്ചിരുന്നതായും കണ്ടെത്തി. സർവീസില്‍ കഴിയുന്ന കാലത്ത് പണം നിക്ഷേപിച്ചാല്‍ രേഖകള്‍ ആവശ്യമായി വരുമെന്നതിനാലാണ് ഇത്തരമൊരു വഴി ഇയാള്‍ തിരഞ്ഞെടുത്തത്. വിരമിച്ച ശേഷം പണം നിക്ഷേപിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.