ഐഎൻഎസ് ഡെഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് തന്റെ കാമുകിയായ പോളിപ്പള്ളി മൗനികയെ (29) അതിക്രൂരമായി കൊലപ്പെടുത്തിയത്. വിശാഖപട്ടണത്തെ എല്‍വി നഗറിലുള്ള രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. മൃതദേഹത്തിന്റെ പകുതി ഭാഗങ്ങള്‍ ഫ്രിഡ്ജിലും ബാക്കി ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലുമാണ് പോലീസ് കണ്ടെടുത്തത്.

വിവാഹിതനായ രവീന്ദ്രൻ 2021-ല്‍ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് മൗനികയെ പരിചയപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രവീന്ദ്രന്റെ ഭാര്യ വിഴിയനഗരത്തിലെ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് ഇയാള്‍ മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇരുവരും തമ്മില്‍ തർക്കമുണ്ടാകുകയും പ്രകോപിതനായ രവീന്ദ്രൻ മൗനികയെ കുത്തിക്കൊല്ലുകയുമായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ചാക്കിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച പ്രതി ബാക്കി ഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ ഒളിപ്പിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

മൗനിക തന്നില്‍ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും ബന്ധത്തെക്കുറിച്ച്‌ ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഈ ഭീഷണിയെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് പ്രതി മറ്റെവിടെയോ ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്.