നെടുങ്കണ്ടം (ഇടുക്കി): വാടകക്കുടിശ്ശകയുള്ള സി.പി.എം. പാർട്ടി ഓഫീസ് ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രവർത്തകരും നേതാക്കളും. ഒടുവിൽ പോലീസിന്റെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിച്ചു. വ്യാഴാഴ്ച മുഴുവൻ പണവും അടച്ച് വാടക പുതുക്കുമെന്ന് പാർട്ടിനേതൃത്വം അറിയിച്ചു. നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലക്സിലെ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻപിലാണ് ബുധനാഴ്ച വൈകീട്ടോടെ നാടകീയസംഭവങ്ങൾ.
ഓഫീസിന്റെ വർഷങ്ങളായുള്ള വാടകക്കുടിശ്ശികയായ 87,806 രൂപയും പിഴപ്പലിശയും അടയ്ക്കാത്തതിനെത്തുടർന്ന് കെട്ടിടം ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ ബുധനാഴ്ച വൈകീട്ട് ഇവിടെയെത്തി. എന്നാൽ, ഓഫീസ് ഒഴിയാൻ പ്രവർത്തകരും നേതാക്കളും കൂട്ടാക്കിയില്ല. ഉദ്യോഗസ്ഥരെ തടയുകയുംചെയ്തു. തർക്കം തുടർന്നതോടെ, നെടുങ്കണ്ടം പോലീസെത്തി. കുടിശ്ശികത്തുക വ്യാഴാഴ്ച അടയ്ക്കാമെന്ന് നേതൃത്വം അറിയിക്കുകയും ചെയ്തു. തുക പൂർണമായും അടച്ചാൽ വാടക തുടരാമെന്ന് പഞ്ചായത്തും അറിയിച്ചു.
ആകെ ആറുപേർക്കെതിരേയാണ് പഞ്ചായത്ത് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. ഇതിൽ നിലവിലെ പഞ്ചായത്തംഗത്തിന്റെ ഭാര്യയടക്കമുള്ളവരുണ്ട്. ഇവർ 2021 ഫെബ്രുവരിമുതൽ 2025 ജൂലായ് വരെ 38,9716 രൂപയും പിഴപ്പലിശയും അടയ്ക്കാനുണ്ട്. ഇവർക്കെതിരേ റവന്യൂ റിക്കവറിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.



