നവകേരള സര്‍വേയില്‍ പാര്‍ട്ടി ഇടപെടലിന് കൂടുതല്‍ തെളിവ് പുറത്ത്. വൊളന്റിയര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി സി.പി.എം ജില്ലാകമ്മിറ്റികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പുറത്തായി. സര്‍േവയില്‍ സിപിഎം ഇടപെടല്‍ കണ്ടെത്തിയാണ് ഹൈക്കോടതി സര്‍വേ റദ്ദാക്കിയത്. പാർട്ടിക്ക് വേണ്ടി സർക്കാർ ഫണ്ട് ഉപയോഗിച്ച് സർവ്വേ നടത്തി എന്ന് കണ്ടെത്തിയാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ അപ്പീലുമായി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് പോയ സമയത്താണ് പുതിയ തെളിവുകള്‍ പുറത്തുവരുന്നത്. 

സർവേക്ക് വേണ്ടത്ര വൊളന്റിയര്‍മാരെ കിട്ടാതിരുന്ന സാഹചര്യത്തിൽ ജില്ലാ കമ്മറ്റികളില്‍ നിന്നും പട്ടിക ചോദിച്ചാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ടത്. കോഴിക്കോട്, കോട്ടയം ജില്ലാ കമ്മിറ്റികൾ മാത്രമാണ് ഇക്കാര്യത്തിൽ വേണ്ട രീതിയിൽ പ്രതികരിച്ചിട്ടുള്ളതെന്നും മറ്റു ജില്ലാ കമ്മിറ്റികൾ പട്ടിക നൽകണം എന്നാണ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോർട്ട് ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അതായത്, സര്‍വേ പാര്‍ട്ടിക്ക് വേണ്ടിയല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് സർവേയ്ക്ക് വേണ്ടി സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികളോട് പട്ടിക ആവശ്യപ്പെട്ടത്.